പാലക്കാട് : മോഹിനിയാട്ടം നർത്തകി ഡോ. നീന പ്രസാദിന്‍റെ നൃത്തപരിപാടി ജില്ല ജഡ്‌ജിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെയും പൊലീസുകാരുടെയും ഇടപെടലിനെത്തുടർന്ന് തടസപ്പെടുത്തിയതിൽ പ്രതിഷേധമുയരുന്നു. ശനിയാഴ്ച പാലക്കാട് ഗവ. മോയൻ എൽപി സ്കൂളിൽ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായാണ് നീന പ്രസാദിന്‍റെ മോഹിനിയാട്ട കച്ചേരി നടന്നത്.
സ്‌കൂളിന് സമീപത്താണ് ജഡ്‌ജിയുടെ ഔദ്യോഗിക വസതി. 9.30 വരെ പരിപാടി നടത്താൻ അനുമതിയുണ്ടെന്നിരിക്കെ വൈകിട്ട് അഞ്ചുമുതൽ ജഡ്‌ജിയുടെ പേഴ്‌സണൽ സ്റ്റാഫ്, പൊലീസ് എന്നിവരെത്തി മൈക്ക് ഓഫ് ചെയ്യണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടു. സാംസ്‌കാരിക സദസ് രാത്രി എട്ടിന് അവസാനിച്ചിരുന്നു.
Also Read: മോദിയും ഷായും ചേരുന്നത് മൂര്‍ഖനും പൊട്ടാസ്യം സയനേഡും ഒന്നിക്കുന്നത് പോലെയെന്ന് മന്ത്രി പി പ്രസാദ്
9.30 വരെയായിരുന്നു നൃത്തം നിശ്ചയിച്ചത്. 8.30ന് വീണ്ടും പൊലീസെത്തി മൈക്ക് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. 8.55 മുതൽ 9.30 വരെ ശബ്ദസംവിധാനമില്ലാതെ വെട്ടിച്ചുരുക്കിയാണ് നൃത്ത പരിപാടി നടത്തിയത്. സംഭവത്തിൽ സാംസ്കാരിക മേഖലയിലുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. ജഡ്‌ജിയുടെ ഇടപെടലിൽ പരിപാടി തടസപ്പെട്ടതിൽ നീന പ്രസാദ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പ്രതിഷേധമറിയിച്ചു.
കലാകാരരുടെ ജീവിതവും തൊഴിലിടവും മാന്യമായി കാണാനും ഉൾക്കൊള്ളാനും നീതിമാന്മാർക്ക് കഴിയണമെന്ന് കുറിപ്പിൽ പരാമര്‍ശിക്കുന്നു. പ്രളയത്തിന്‍റെയും കൊവിഡിന്റെയും ദുരിതത്തിൽനിന്ന് കരകയറുന്ന സർഗാവിഷ്‌കാരങ്ങൾക്കെതിരെ ഉയർന്നുവരുന്ന ഭീഷണിയെ ജനം ഒന്നിച്ച് എതിർക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ കരുൺ, ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.