പാലക്കാട് :പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ജില്ല പരിധിയില്‍ ഇന്നുമുതൽ (16.04.2022) ഏപ്രില്‍ 20 വൈകിട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മതവിദ്വേഷ സാഹചര്യം ഉടലെടുക്കാനും ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചു. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യന്‍ ആംസ് ആക്‌ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.