പാലക്കാട്: വണ്ടിക്കുള്ളിലെ രോഗിക്ക് ആപത്തൊന്നും വരുത്തരുതേ എന്ന പ്രാർത്ഥനയുമായാണ് ഓരോ ആംബുലൻസ് ഡ്രൈവർമാരും തങ്ങളുടെ ജോലി ആരംഭിക്കുന്നത്. അപകടത്തിൽപ്പെട്ടവരുമായുള്ള മരണപ്പാച്ചിലിൽ സ്വന്തം ജീവനേക്കാൾ ഉള്ളിലുള്ളവരെക്കുറിച്ചായിരിക്കും അവരുടെ ചിന്ത. പ്രളയം, കൊവിഡ് തുടങ്ങിയ നിരവധി മഹാമാരികൾക്കിടയിൽ ഇവർ നടത്തിയ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്. എന്നാൽ ദുരിതത്തിൽപ്പെടുന്നവരുടെ രക്ഷകരായി മാറുന്ന ഇവരിന്ന് ദുരിത നാളുകളിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ ഇവരുടെ ദുരിതങ്ങൾ ആര് തീർക്കും എന്ന ചോദ്യമാണ് ഉയരുന്നത്.
അപകടത്തില്‍പ്പെടുന്നവരുടെ രക്ഷകരെങ്കിലും ദുരിതം മാറാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ - problems of ambulance drivers
കൃത്യമായി വേതനം ലഭിക്കാത്തത് മൂലം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്
പാലക്കാട് ജില്ലയിലെ ആംബുലൻസ് ഡ്രൈവർമാർക്കും ദുരിതനാളുകളാണിപ്പോൾ. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അനുവദിക്കപ്പെട്ട പട്ടികവർഗ സമഗ്രപദ്ധതി ഫണ്ട് നിലച്ചതോടെയാണ് ആംബുലൻസ് സേവനങ്ങൾ പ്രതിസന്ധിയിലായത്.പെട്രോൾ പമ്പുകളിൽ ഇന്ധനം നിറച്ച വകയിൽ ഭീമമായ കുടിശ്ശിക സ്വകാര്യ സർവ്വീസുകൾക്കുൾപ്പെടെ വന്നുകഴിഞ്ഞു. തങ്ങളെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണെന്നാണ് ഡ്രൈവർമാർ പറയുന്നത്. നാല് മാസക്കാലമായി ഇവർക്ക് വാഹനം ഓടിച്ച വകയിൽ പണം ലഭിച്ചിട്ട്. ട്രൈബൽ സേവനങ്ങൾക്കായി അനുവദിക്കപ്പെട്ട ഒരു കോടി 20 ലക്ഷം രൂപ സാങ്കേതിക തടസങ്ങൾ കാരണം ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ അക്കൗണ്ടിലേക്ക് കൈമാറാത്തത് മൂലം ആശുപത്രി അധികൃതരും നിസഹായരാണ്. പല സന്ദർഭങ്ങളിലും ആംബുലൻസ് സേവനം ഉറപ്പുവരുത്താൻ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെന്ന് ട്രൈബൽ വെൽഫെയർ ഓഫീസർ ടി.ആർ. ചന്ദ്രന്‍ പറയുന്നു. അസമയങ്ങളിൽ അത്യാസന്ന നിലയിലുള്ള രോഗികളുമായി വന്യജീവികളുടെ സാന്നിധ്യമുള്ള ചുരമിറങ്ങുന്നതാണ് ഡ്രൈവർമാരുടെ പ്രധാന വെല്ലുവിളി. റോഡിന്‍റെ ശോചനീയാവസ്ഥയും ഡ്രൈവർമാർക്ക് ഇരട്ട പ്രഹരമാണ് ഏൽപ്പിക്കുന്നത്.
ഏറ്റവും വലിയ ട്രൈബൽ ബ്ലോക്കായ അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുന്ന ഒരു ആശുപത്രിയിൽ എ.എൽ.എസ് (അഡ്വാൻസ് ലൈഫ് സപ്പോർട്ട്) ആംബുലൻസ് സേവനത്തിനായി ഉൾപ്പെടെ പുറമേ നിന്നുള്ളവയെയാണ് ആശ്രയിക്കുന്നത്. ഇതിന് പുറമെ ട്രൈബൽ രോഗികൾക്കായി കരാർ അടിസ്ഥാനത്തിൽ വിവിധ പദ്ധതികളുടെ ഭാഗമായി ടാക്സികളും സർവ്വീസ് നടത്തുന്നുണ്ട്. ഇവരും കൃത്യമായി വേതനം ലഭിക്കാത്തത് മൂലം ദുരിതത്തിലാണ്.