പാലക്കാട് :അമിത പിരിവിനെ തുടര്‍ന്ന്,ടോൾ നൽകാതെ സർവീസ് നടത്തി സ്വകാര്യബസുകൾ. ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയില്‍ ശനിയാഴ്‌ചയാണ് സംഭവം. ബാരിയര്‍ ഇടിച്ചുതെറിപ്പിച്ചാണ് ബസുകൾ സർവീസ് നടത്തിയത്. ഞായറാഴ്‌ച വൈകിട്ട് അമ്പതോളം ബസുകളാണ് ഓടിയത്.
ഇതേനിലയിൽ ഇനിയും സർവീസ് നടത്തുമെന്നാണ് ബസുടമകൾ പറയുന്നത്. ടോൾ നൽകാതെ ടോൾ പ്ലാസ കടന്നതിനെതിരെ കരാർ കമ്പനി പൊലീസിന് പരാതി നൽകി. ഇത്തരത്തിൽ സർവീസ് നടത്തിയ ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ബസുകളുടെ ടോൾ നിരക്ക് ഇളവിന്‍റെ ഭാഗമായി ഈ മാസം 12ന് ചർച്ച നടക്കാനിരിക്കെയാണ് സംഭവം.
പന്നിയങ്കരയിലെ ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽനിന്ന് അമിത ടോൾ പിരിക്കുന്നതിനെതിരെ 12ന് ചര്‍ച്ച നടത്താനാണ് ധാരണയായത്. ദേശീയപാത അതോറിറ്റി അധികൃതരും കരാർ കമ്പനി അധികൃതരും സംസ്ഥാന സർക്കാർ പ്രതിനിധികളും ബസുടമകളും തമ്മിൽ തിരുവനന്തപുരത്താണ് ചർച്ച.
അന്തിമ തീരുമാനം ഉടന്‍ വേണമെന്നാണ് ബസുടമകളുടെ ആവശ്യം. ടോള്‍ ഈടാക്കുന്നതിനെതിരെ ടോള്‍ പ്ലാസയ്ക്ക് സമീപം ബസുടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. തിരുവനന്തപുരത്തെ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബസുടമകള്‍ അറിയിച്ചു. ശനിയാഴ്‌ചയും ബസുകൾ ടോൾ പ്ലാസ വഴി പോകാതെ സമാന്തര റോഡുകളിലൂടെയാണ് സർവീസ് നടത്തിയത്.