പാലക്കാട്:പട്ടാമ്പിയിൽ 1000 കൊവിഡ് ബാധിതരെ ചികിൽസിക്കാനുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ ആരംഭിക്കാൻ ഒരുക്കം തുടങ്ങി. പട്ടാമ്പി ഗവ കോളജിലെ സയൻസ് ബ്ലോക്കാണ് ഇതിനായി സജ്ജമാക്കിയത്. പരിശോധന കേന്ദ്രം ഒരുക്കുന്നതിന് ദുരന്തനിവാരണ അതോറിറ്റി 30 ലക്ഷം രൂപ വകയിരുത്തി. പട്ടാമ്പി ഗവ സംസ്‌കൃത കോളജിൽ പുതുതായി പണികഴിപ്പിച്ച സയൻസ് ബ്ലോക്കിൽ കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കാൻ ഒരുക്കം തുടങ്ങി. ഒരേ സമയം 1000 പേരെ ചികിൽസിക്കാനുള്ള സൗകര്യമാണ് സയൻസ് ബ്ലോക്കിൽ സജ്ജമാക്കുന്നത്. സംസ്ഥാനത്തെ തന്നെ വലിയ സയൻസ് ബ്ലോക്ക് കെട്ടിടമാണിത്. ഫയർ ഫോഴ്സിന്‍റെയും സിവിൽ ഡിഫൻസ് ടീമിന്‍റെയും നേതൃത്വത്തിൽ കെട്ടിടം ശുചീകരിക്കുന്ന പ്രവർത്തി നടന്നു വരികയാണ്.
പട്ടാമ്പിയില്‍ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ ആരംഭിക്കാന്‍ ഒരുക്കം തുടങ്ങി - പട്ടാമ്പി ഗവ സംസ്‌കൃത കോളജ്
പട്ടാമ്പി ഗവ സംസ്‌കൃത കോളജിൽ പുതുതായി പണികഴിപ്പിച്ച സയൻസ് ബ്ലോക്കിൽ കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കാൻ ഒരുക്കം തുടങ്ങി.
ശുചീകരണം കഴിയുന്നതോടെ ചികിത്സാ കേന്ദ്രത്തിനുള്ള കട്ടിലുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കും. പട്ടാമ്പിയിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് അടിയന്തിരമായിഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ സജ്ജമാക്കിയത്. ചികിത്സാകേന്ദ്രം ആരംഭിക്കുന്നതിന് മുന്നോടിയായി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യൻ, ഡെപ്യൂട്ടി ഡി.എം.ഒ നാസർ, നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ, തഹസിൽദാർ ശ്രീജിത് എന്നിവർ സയൻസ് ബ്ലോക്ക് സന്ദര്‍ശിച്ച് വിലയിരുത്തൽ നടത്തി. ഒരാഴ്ചക്കുള്ളിൽ സയൻസ് ബ്ലോക്കിലെ വൈദ്യുതീകരണ പ്രവർത്തനങ്ങളും ക്ലീനിംഗും പൂർത്തിയാക്കും.
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സൗകര്യം ആരംഭിക്കുന്നതോടെ കൂടുതൽ ആളുകളിൽ സ്രവ പരിശോധന നടത്തുകയും ആവശ്യക്കാർക്ക് ചികിത്സ നൽകുകയും ചെയ്യാൻ കഴിയും. ഇവിടേക്കുള്ള ജീവനക്കാരെ ആരോഗ്യവകുപ്പ് നിയമിച്ചിട്ടുണ്ട്. പ്രാരംഭഘട്ടമെന്ന നിലയിൽ വനിതാ ഹോസ്റ്റലിൽ 100 പേരെ ചികിൽസിക്കാൻ കഴിയുന്ന ഫസ്റ്റ് ലൈൻ സെന്‍റര്‍ ആരംഭിച്ചിട്ടുണ്ട്. സയൻസ് ബ്ലോക്കിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സൗകര്യം ആരംഭിക്കുന്നതോടെ കൊവിഡ് രോഗബാധിതരെ ഇവിടെ എത്തിച്ച് ചികിത്സ നൽകും.