കേരളം

kerala

ETV Bharat / state

പോത്തുണ്ടി, മംഗലം ഡാമുകളില്‍ സാഹസിക ടൂറിസത്തിന് തുടക്കം - palakkad tourism news

ജില്ലയില്‍ അഞ്ച് വര്‍ഷക്കാലയളവില്‍ നടപ്പാക്കിത് 32 കോടിയുടെ ടൂറിസം വികസനമാണ്‌

പാലക്കാട്‌ സാഹസിക ടൂറിസത്തിന് തുടക്കം  പാലക്കാട്‌ വാർത്ത  kerala tourism news  palakkad tourism news  കേരള വാർത്ത
പോത്തുണ്ടി, മംഗലം ഡാമുകളില്‍ സാഹസിക ടൂറിസത്തിന് തുടക്കം

By

Published : Jan 19, 2021, 1:40 PM IST

പാലക്കാട്‌:സാഹസിക ടൂറിസത്തിന്‍റെ സാധ്യത ഉപയോഗപ്പെടുത്തി ടൂറിസം മേഖലയുടെ വളര്‍ച്ചക്കായി നിരവധി പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാല് വര്‍ഷത്തില്‍ വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി ജില്ലയില്‍ നടപ്പാക്കിയത്. 32 കോടി ചെലവില്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം നവീകരിച്ചതോടൊപ്പം പോത്തുണ്ടി, മംഗലം ഡാമുകളില്‍ സാഹസിക ടൂറിസത്തിന് തുടക്കമിട്ടു.

* പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ നാല് കോടിയുടെ വികസനം


സിപ് ലൈന്‍, ആകാശ സൈക്കിള്‍ സവാരി, പോളാരിസ് റൈഡ് എന്നിവ ഉള്‍പ്പെടെയുള്ള സാഹസിക ടൂറിസം നവീകരണമാണ് നാല് കോടി ചെലവില്‍ പോത്തുണ്ടി ഉദ്യാനത്തില്‍ നടപ്പാക്കിയത്. സാഹസിക സ്പോര്‍ട്സ്, കളിസ്ഥലം, കിയോസ്‌ക്, ടോയ്ലറ്റ്, നടപ്പാത, കുടിവെള്ള വിതരണം, പ്രവേശന കവാടം, വേലി, ടോയ്ലറ്റ് ബ്ലോക്ക് നവീകരണം, മഴക്കുടില്‍, പോഡിയം, വൈദ്യുതീകരണം, നിരപ്പാക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് പൂര്‍ത്തിയായത്.

പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ നാല് കോടിയുടെ വികസനം
* 4.76 കോടിയുടെ മംഗലം ഡാം നവീകരണം

വ്യൂ പോയിന്‍റ്‌, റോപ്പ് കോഴ്സ്, കളിസ്ഥലം, കുളം, മഴക്കുടില്‍, ഇരിപ്പിടങ്ങള്‍, സ്റ്റേജ്, വൈദ്യുതീകരണം, ഇന്റര്‍ലോക്ക്, കമ്പോസ്റ്റിങ് പ്ലാന്റ് തുടങ്ങി 4.76 കോടിയുടെ പ്രവൃത്തികള്‍ മംഗലം ഡാം ഉദ്യാനത്തിലും നടപ്പാക്കി.
4.76 കോടിയുടെ മംഗലം ഡാം നവീകരണം
*കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ പെഡല്‍ ബോട്ടും പൂള്‍ സൈക്ലിങും റെയിന്‍ ഷെല്‍ട്ടറും

കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ പ്രത്യേക പെഡല്‍ ബോട്ട് ഉള്‍പ്പെടെയുള്ള പൂള്‍ സൈക്ലിംഗ്, സൈക്ലിംഗ്, റൈഡ് വിനോദങ്ങളും സജ്ജമാക്കി. വൈകുന്നേരങ്ങളില്‍ മ്യൂസിക്കല്‍ ഫൗണ്ടനും ഉദ്യാന അലങ്കാരത്തിനായി പ്രത്യേക ലൈറ്റുകളും നവീകരണത്തിന്‍റെ ഭാഗമായുണ്ട്.

* മലമ്പുഴ ഡാം ഉദ്യാനം നവീകരണം

മലമ്പുഴ ഡാം നവീകരണവും ഉദ്യാനസൗന്ദര്യവത്ക്കരണവും ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണമാണ് ടൂറിസം വകുപ്പ് നടപ്പാക്കിയത്. കുടിവെള്ള യൂണിറ്റ്, വൈദ്യുതികരണം, ടോയ്ലറ്റ് ബ്ലോക്ക്, കഫേറ്റീരിയ, ഇരിപ്പിടങ്ങള്‍ എന്നിവയോടൊപ്പം താമരക്കുളം, കളിസ്ഥലം, 'യക്ഷി' പ്രതിമയുടെ നവീകരണവും സെല്‍ഫി പോയിന്‍റും സജ്ജമാക്കുകയുണ്ടായി.ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിക്കായി വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം, മലമ്പുഴ ഉദ്യാനം, മലമ്പുഴ റോക്ക് ഗാര്‍ഡന്‍ എന്നിവിടങ്ങളിലായി 2.64 കോടി ചെലവഴിച്ചു. വാടിക-ശിലാ വാടിക ഉദ്യാനം, ഒ. വി വിജയന്‍ സ്മാരകത്തില്‍ തസ്രാക്ക് റൈറ്റേഴ്സ് വില്ലേജ് നിര്‍മാണം, ചെമ്പൈ ഗ്രാമം സാംസ്‌കാരിക സമുച്ചയവും മ്യൂസിയവും , നെല്ലിയാമ്പതി ടൂറിസം വികസനപദ്ധതി ആദ്യ ഘട്ടം, മംഗലം ഡാം, പോത്തുണ്ടി ഡാം, കാഞ്ഞിരപ്പുഴ ഡാം ഉദ്യാന നവീകരണം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് നവീകരണം, ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം കലാപീഠം നവീകരണം എന്നിവയിക്കായി 18.22 കോടി രൂപയും ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതിക്കായി 73.51 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. കൂടാതെ കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനായി 3.52 ലക്ഷം ചെലവഴിച്ചു.

* 10 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദം

ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ 73.51 ലക്ഷം ചെലവില്‍ 10 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കി. വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്ക്, പോത്തുണ്ടി -മംഗലം ഡാം ഉദ്യാനങ്ങള്‍, മലമ്പുഴ ഡാം, വാടിക-ശിലാവാടിക ഉദ്യാനം, കാഞ്ഞിരപ്പുഴ ഡാം, മലമ്പുഴ റോക്ക് ഗാര്‍ഡന്‍, വെള്ളിനേഴി കലാഗ്രാമം, ഒ.വി വിജയന്‍ സ്മാരകം എന്നിവിടങ്ങളാണ് ഭിന്നശേഷി സൗഹൃദമാക്കിയത്. വീല്‍ചെയറുകള്‍ സാധ്യമാകുന്ന റാംപ്, വീല്‍ചെയര്‍, ക്രച്ചസ്, വാക്കിങ് സ്റ്റിക്കുകള്‍ തുടങ്ങിയവ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രങ്ങളില്‍ ലഭ്യമാണ്. വ്യൂ പോയിന്‍റുകൾ, മോടിയോടെയുള്ള പ്രവേശന കവാടം, വാഹന പാര്‍ക്കിങ്, വൈദ്യുതീകരണം, ശൗചാലയം, മാലിന്യസംസ്‌കരണം, നടപ്പാത വിന്യാസം ഉള്‍പ്പെടെ സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായ നവീകരണ പ്രവര്‍ത്തനങ്ങളാണ് ടൂറിസം കേന്ദ്രങ്ങളില്‍ ഒരുക്കിയത്.
10 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദം

ABOUT THE AUTHOR

...view details