പാലക്കാട്: എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വധിച്ച കേസിൽ മൂന്ന് ആർഎസ്എസ് നേതാക്കൾ അറസ്റ്റിൽ. ഗൂഢാലോചനയിൽ പങ്കാളികളായ ആർഎസ്എസ് ജില്ല സഹ കാര്യവാഹകായ കൊട്ടേക്കാട് ആനപ്പാറ നടുവിൽവീട്ടിൽ എസ് സുചിത്രൻ (32), ആർഎസ്എസ് ജില്ലാ കാര്യകാര്യദർശി എലപ്പുള്ളി പള്ളത്തേരി സ്വദേശി ജി ഗിരീഷ് (41), മണ്ഡല കാര്യവാഹക് എടുപ്പുകുളം പി കെ ചള്ള ജാനകി നിവാസിൽ ആർ ജിനീഷ്(കണ്ണൻ– 24) എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തെ തുടർന്ന് ആസൂത്രണം ചെയ്‌ത് നടത്തിയതാണ് സുബൈറിന്റെ കൊലപാതകമെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ് (41), എടുപ്പുകുളം എൻ വി ചള്ള ആറുമുഖൻ (37), മരുതറോഡ് ആലമ്പള്ളം ശരവണൻ (33) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഗൂഢാലോചനയിൽ പങ്കാളികളായ ഇരട്ടക്കുളം സ്വദേശി വിഷ്‌ണുപ്രസാദ് (23), കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹക് അട്ടപ്പള്ളം സ്വദേശി മനു(മൊണ്ടി മനു–31) എന്നിവരെ അറസ്റ്റ് ചെയ്‌തു.