പാലക്കാട്:പൊലീസ് വാഹനം ഇടിച്ച് തെറിപ്പിച്ച് കടന്നു കളഞ്ഞ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കരിമ്പ ഇടക്കുർശ്ശി നെല്ലിക്കുന്ന് വീട്ടിൽ രതീഷാണ് അറസ്റ്റിലായത്. മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. മൊത്തം അഞ്ച് പേരാണ് കേസില്‍ ഉള്‍പെട്ടത്.
മുഖ്യപ്രതി കുമരംപുത്തൂർ പള്ളിക്കുന്ന് അച്ചിപ്ര ലത്വീഫിനെ കഴിഞ്ഞ ദിവസം കല്ലടിക്കോട് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അന്യസംസ്ഥാന ചന്ദനമോഷണ സംഘത്തിലുമുൾപ്പെട്ടവരാണ് കേസിലെ എല്ലാ പ്രതികളും. 2020 ജനുവരി എട്ടിന് വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം പൊലീസ് പിന്തുടർന്നെങ്കിലും പൊന്നംകോട് കാരാകുർശ്ശി ഭാഗത്ത് വെച്ച് പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് വാഹനത്തെ ഇടിച്ച് തെറിപ്പിച്ച് കടന്നു കളയുകയായിരുന്നു.
Also Read: തെങ്കര ആനമൂളിയിൽ വളർത്തുനായയെ പുലിപിടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തുടർന്നുള്ള അന്വോഷണത്തിലാണ് സമീപ സംസ്ഥാനങ്ങളിലുൾപ്പെടെ സംഘം നിരവധി കേസുകളിൽ പ്രതികളാണെന്നറിയുന്നത്. അഞ്ച് പേരടങ്ങിയ സംഘത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നേരത്തെ അറസ്റ്റിലായലത്തീഫിനെതിരെ ആന്ധ്രാപ്രദേശ് പൊലീസിൽ 13, തമിഴ്നാട് 3, കേരളം 13, വനം വകുപ്പിന്റെ അഞ്ച് എന്നിങ്ങനെ കേസുകളുണ്ട്. ഇയാളെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രതീഷിനെ മണ്ണാർക്കാട് നിന്നാണ് പിടികൂടിയത്. രതീഷിനെതിരെ ആന്ധ്ര പൊലീസിൽ 4, കേരള 3, വനം വകുപ്പിന്റെ രണ്ടും കേസുകളുണ്ട്. രക്തചന്ദനക്കടത്ത്, സ്പിരിറ്റ് കടത്ത് തുടങ്ങിയ കേസുകളാണുള്ളതെന്ന് മണ്ണാർക്കാട് ഡിവൈ എസ്.പി വി.എ കൃഷ്ണദാസ് പറഞ്ഞു. പൊലീസിനെയും വനംവകുപ്പുദ്യോഗസ്ഥരെയും ആക്രമിച്ച് രക്ഷപ്പെടലാണ് രീതി. മറ്റു പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളതായി കല്ലടിക്കോട് എസ്എച്ച്ഒ കെ ശശികുമാർ അറിയിച്ചു.