പാലക്കാട് :വർഗീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷയൊരുക്കി പൊലീസും സ്പെഷ്യൽ ഫോഴ്‌സും. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽനിന്നും മറ്റ് ജില്ലകളിലെ ക്യാമ്പുകളിൽനിന്നുമെത്തിയ ഉദ്യേഗസ്ഥരെ കൂടാതെ കേരള പൊലീസിന്‍റെ ആന്‍റി നക്സൽ സ്‌ക്വാഡ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, തമിഴ്‌നാട് പൊലീസ് എന്നിങ്ങനെ 1,300ൽ അധികം ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്.
ഞായറാഴ്ച രാത്രി മുതൽ ഇരുചക്രവാഹനങ്ങളിൽ രണ്ട് പുരുഷന്മാർ സഞ്ചരിക്കുന്നത് വിലക്കി ജില്ല ഭരണകൂടം ഉത്തരവിറക്കിയിരുന്നു. തിങ്കൾ രാവിലെ ഉത്തരവറിയാതെ ഇരുചക്രവാഹനങ്ങളിൽ രണ്ടുപേർ എത്തിയവരിൽ ഒരാളെ മാത്രമേ യാത്രതുടരാൻ അനുവദിച്ചുള്ളൂ.വിവിധ ചെക്ക്‌പോയിന്‍റുകളിൽ പരിശോധന പൂർത്തിയാക്കിയേ പാലക്കാട് നഗരത്തിലേക്ക് പ്രവേശിക്കാനാകൂ.