പാലക്കാട്: മോഷ്‌ടിച്ച ബൈക്കിന്‍റെ നമ്പർ പ്ലേറ്റിൽ വ്യാജ നമ്പർ പതിച്ച് മോഷണം നടത്തി വന്നിരുന്ന സംഘത്തെ കൊല്ലങ്കോട് പൊലീസ് പിടികൂടി. കുഴൽമന്ദം കുത്തന്നൂർ പള്ളിമുക്ക് വീട്ടിൽ അബ്‌ദു റഹ്‌മാൻ (32) നെന്മാറ അയിലൂർ പൂളയ്ക്കൽ പറമ്പ് ജലീൽ (36) എന്നിവരാണ് പിടിയിലായത്. വിവിധ കേസുകളിൽ പ്രതികളായിരുന്ന ഇവർ ജാമ്യത്തിലിറങ്ങിയതിന് ശേഷം പലയിടത്തും മോഷണം നടത്തി വരികയായിരുന്നു.
മോഷ്‌ടാക്കൾ കൊല്ലങ്കോട് ഭാഗത്തേക്ക് പ്രവേശിച്ചെന്നുള്ള രഹസ്യവിവരത്തെ തുടർന്ന് സി ഐ വിപിൻദാസും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബുധനാഴ്‌ച (06.04.2022) പുലർച്ചെ ഒന്നേമുക്കാലോടെ കൊല്ലങ്കോട് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നും മോഷണത്തിനുപയോഗിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തു.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ മോഷണ കേസുകളുണ്ട്. അമ്പലങ്ങൾ പള്ളികൾ എന്നിവയിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്നുള്ള മോഷണങ്ങൾ, വാളയാർ ദേശീയപാതക്ക് സമീപം ആരാധനാലയത്തിലെ ഭണ്ഢാരം കുത്തിതുറന്ന് മോഷണം നടത്തിയതനും, വിഗ്രഹത്തിലെ സ്വർണ്ണമാല മോഷണം നടത്തിയതിനും, തൃശ്ശൂർ കൊരട്ടിയിൽ ചർച്ചിൽ മോഷണം നടത്താൻ ശ്രമം നടത്തിയതിനും, ഒലവക്കോട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്‌ടിച്ചതിനും ഇവർ പ്രതികളാണെന്ന് പൊലീസിന് പ്രതികൾ മൊഴി നൽകി.
മംഗലംഡാം, നെന്മാറ, ടൗൺ സൗത്ത്, ആലത്തൂർ, കസബ എന്നീ പോലീസ് സ്റ്റേഷനിൽ മോഷണ കേസുകളിലെ പ്രതിയാണ് ജലീൽ. നെന്മാറ പൊലീസ് സ്റ്റേഷനിൽ കാപ്പ പ്രകാരം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അബ്‌ദുൾ റഹ്‌മാൻ പാലക്കാട് നോർത്ത്, സൗത്ത് സ്റ്റേഷനുകളിലെ മോഷണ കേസുകളിൽ പ്രതിയാണ്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
Also read: സ്വര്‍ണപണയം എടുക്കാനെത്തി 45,000 കവര്‍ന്നു; പ്രതി അറസ്റ്റില്‍