പാലക്കാട്; വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനും ഉപയോഗിച്ചു കളയുന്ന പ്ലാസ്റ്റിക് പൊടിക്കാനും തീരുമാനിച്ച് പാലക്കാട് റെയില്‍വേ സ്റ്റേഷൻ. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രം സ്ഥാപിച്ചു. മൂന്ന് യന്ത്രങ്ങളാണ് ആദ്യ ഘട്ടത്തിൽ സ്ഥാപിച്ചത്. ഒരു ദിവസം ആയിരം കുപ്പികൾ വരെ ഒരു യന്ത്രമുപയോഗിച്ച് പൊടിക്കാനാകും. കുപ്പികളുടെ പൊടി, ബാഗുൾപ്പടെയുള്ള വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികൾക്ക് കൈമാറാനാണ് റെയിൽവേയുടെ തീരുമാനം. സ്റ്റേഷനിൽ ഒറ്റതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിയന്ത്രണവും ഏർപ്പെടുത്തി. പുനരുപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്ക് മാത്രം ഉപയോഗിക്കാൻ യാത്രക്കാരെയും കച്ചവടക്കാരെയും ബോധവൽക്കരിക്കുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രം സ്ഥാപിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം റെയിൽവേ ഡിവിഷണൽ മാനേജർ പ്രതാപ് സിങ് ഷമി നിർവ്വഹിച്ചു.
ഗാന്ധിജയന്തി ആഘോഷം: പാലക്കാട് റെയിൽവേ സ്റ്റേഷൻ ഇനി പ്ലാസ്റ്റിക് മുക്തം