പാലക്കാട്: സ്വന്തമായി ഒരു വീട് എന്നത് ഏവരുടെയും സ്വപ്‌നമാണ്. എന്നാൽ ചെര്‍പ്പുളശ്ശേരി തക്കടീരി കുറ്റിക്കോട് പത്തായപ്പുര കോളനിയിലെ ബേബിയ്‌ക്ക് പല കാരണങ്ങളാൽ ആ സ്വപ്‌നം സാക്ഷാത്‌കരിക്കാൻ സാധിച്ചിരുന്നില്ല. ബേബിയുടെ ബുദ്ധിമുട്ടുകൾ കണ്ട് ഷൊര്‍ണൂര്‍ എം.എൽ.എ. പി.കെ. ശശി വീട് വച്ച് നൽകാമെന്ന് വാഗ്‌ദാനം നൽകിയതോടെ ബേബിയുടെ മനസിൽ പ്രതീക്ഷയുണരകുകയായിരുന്നു. മകന്‍റെ വിവാഹച്ചടങ്ങുകള്‍ ചുരുക്കി വീട് നിര്‍മിച്ചു നല്‍കുമെന്നായിരുന്നു എം.എൽ.എ.യുടെ വാഗ്‌ദാനം.
പി.കെ. ശശി എം.എൽ.എ. വാക്കു പാലിച്ചു; ബേബിക്ക് സ്വപ്‌ന സാക്ഷാത്‌കാരം
സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനാണ് പുതിയ വീടിന് തറക്കല്ലിട്ടത്.
സ്വന്തമായി ഭൂമിയുണ്ടെങ്കിലും ആധാരവും പട്ടയവും ഇല്ലാത്തതിനാല്‍ ലൈഫ് ഭവന പദ്ധതിയില്‍ പോലും ഉള്‍പ്പെടുത്താന്‍ കഴിയാത്തതിനെ തുടർന്ന് ബേബിയുടെ പ്രതീക്ഷകൾക്ക് മേൽ മങ്ങലേൽക്കുകയായിരുന്നു. ബേബിയും വൃദ്ധയായ അമ്മയും രോഗിയായ ഭര്‍ത്താവും രണ്ടു കുട്ടികളും പൊളിഞ്ഞു വീഴാറായ വീട്ടില്‍ കഴിയുന്നതിന്‍റെ ദുരവസ്ഥ കണ്ടിട്ട് എം.എൽ.എ. ഇടപെടുകയായിരുന്നു. ഒരു രീതിയിലും ഭവനപദ്ധതികളില്‍ ഉള്‍പ്പെടുത്താൻ കഴിയാതെ വന്നതോടെയാണ് സ്വന്തം ചെലവിൽ വീട് നിര്‍മിച്ചു നല്‍കാന്‍ എം.എൽ.എ. തീരുമാനിച്ചത്. ബേബിയുടെ വീട്ടുമുറ്റത്തു നടന്ന ചടങ്ങില്‍ സിപിഐഎം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍ പുതിയ വീടിന് തറക്കല്ലിട്ടു. എന്നാൽ ഇതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ പ്രവർത്തനങ്ങൾ നീണ്ടു പോയി.
ദുരിതത്തില്‍ കഴിയുന്നവരുടെ വേദന മനസിലാക്കി പരിഹാരം കാണാൻ സാധിച്ചതിന്‍റെ ചാരിതാർഥ്യത്തിലാണ് എം.എൽ.എ. അതേ സമയം കുടുംബത്തിനൊപ്പം ചോരാതെ കിടന്നുറങ്ങാന്‍ ഒരു വീടൊരുങ്ങുന്ന സന്തോഷത്തിലാണ് ബേബി.