പാലക്കാട്: പെപ്‌സിക്ക് പുറകെ കഞ്ചിക്കോട് പെപ്‌സി ഏറ്റെടുത്ത വരുൺ ബീവറേജസും അടച്ചുപൂട്ടലിലേക്ക്. തൊഴിലാളി സമരത്തിന്‍റെ പേര് പറഞ്ഞാണ് വരുൺ ബീവറേജസ് ഉൽപാദനം നിർത്താൻ ഒരുങ്ങുന്നത്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ പ്രവർത്തിച്ചിരുന്ന പെപ്‌സി എന്ന കമ്പനി കഴിഞ്ഞവർഷം മാർച്ച് 19നായിരുന്നു പ്രവർത്തനം നിർത്തിയത്.
തൊഴിലാളി സമരം; അടച്ചുപൂട്ടാനൊരുങ്ങി കഞ്ചിക്കോട്ടെ പെപ്സി ഉൽപാദന കേന്ദ്രം - വരുൺ ബീവറേജസ്
കരാർ തൊഴിലാളികളുടെ സേവന-വേതന കരാർ പുതുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും മാസമായി തൊഴിലാളികൾ സമരത്തിലാണ്
തൊഴിലാളി സമരത്തിന്‍റെ പേര് പറഞ്ഞാണ് കമ്പനിയും അടച്ചുപൂട്ടിയത്. തുടര്‍ന്ന് വരുൺ ബീവറേജസ് എന്ന കമ്പനിക്ക് ഉൽപാദനത്തിനായി കൈമാറി. എന്നാൽ കമ്പനി ഏറ്റെടുത്ത് ഒരു വർഷം തികയും മുമ്പ് വരുൺ ബിവറേജസും അടച്ചുപൂട്ടലിലേക്ക് എത്തിയിരിക്കുകയാണ്. ഈ മാസം 21ഓടെ കമ്പനി ലോക്ക് ഔട്ട് ചെയ്യുമെന്ന നോട്ടീസ് ഗേറ്റിൽ പതിച്ചു കഴിഞ്ഞു. കരാർ തൊഴിലാളികളുടെ സേവന-വേതന കരാർ പുതുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും മാസമായി തൊഴിലാളികൾ സമരത്തിലാണ്. സമരം ചെയ്യുന്നത് കൂടാതെ തൊഴിലാളികൾ തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന് ലോക്ക് ഔട്ട് നോട്ടീസിൽ പറയുന്നു. അതേസമയം തൊഴിലാളി സമരത്തെ ഇല്ലായ്‌മ ചെയ്യാനുള്ള സമ്മർദ തന്ത്രമാണ് അടച്ചുപൂട്ടൽ ഭീഷണി എന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു.