പാലക്കാട്:കൊലപാതകങ്ങളെ ന്യായീകരിക്കുന്ന കെ.സുധാകരനും കോൺഗ്രസിനും ജനങ്ങൾ തക്ക ശിക്ഷ നൽകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവൻ. മുതിർന്ന സിപിഎം നേതാവ് സി ടി കൃഷ്‌ണന്‍റെ ‘കടന്നുവന്ന വഴിത്താരകൾ’ എന്ന പുസ്‌തകത്തെ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. തങ്ങളിൽനിന്ന് ഒറ്റപ്പെടുത്തിയാണ് ജനങ്ങൾ കോൺഗ്രസിനെ ശിക്ഷിക്കാൻ പോകുന്നതെന്ന് എ വിജയരാഘവന്‍ പറഞ്ഞു.
എഐസിസിയും കെപിസിസിയുമൊന്നും ചോദ്യം ചെയ്‌തില്ലെങ്കിലും കേരളത്തിലെ ജനങ്ങൾ കോൺഗ്രസിനെ നല്ല നിലയിൽത്തന്നെ ഒറ്റപ്പെടുത്തും. അധപതിച്ച മാനസിക വികാരമുള്ളവരുടെ കൈയിലാണ് കെപിസിസി നേതൃത്വമെത്തിയിരിക്കുന്നത്. കോളജ് വിദ്യാർഥിയെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുകയാണ് കെപിസിസി പ്രസിഡന്‍റെന്ന് എ.വിജയരാഘവന്‍ ആരോപിച്ചു.
കൊലപാതകത്തെ ഇങ്ങനെ ന്യായീകരിച്ച ഒരു സംഭവം മുമ്പുണ്ടായിട്ടില്ല. സിപിഐഎം കൊലപാതകങ്ങളെ ന്യായീകരിക്കാറില്ല. ഇരന്നുവാങ്ങിയ കൊലപാതകമെന്ന് ഒരു കൊലപാതകത്തെക്കുറിച്ച് ഈ കേരളത്തിൽ ഇന്നുവരെ ആരും പറഞ്ഞിട്ടില്ല.