പാലക്കാട്:പറമ്പിക്കുളം ഡാമിലെ പുതിയ ഷട്ടറിന്‍റെ പ്രവർത്തനക്ഷമത പരിശോധന വിജയകരമായി പൂര്‍ത്തിയാക്കി. ശനിയാഴ്‌ചയാണ് (ഡിസംബര്‍ 17) പുതിയ ഷട്ടറിന്‍റെ ക്ഷമത പരിശോധിച്ചത്. തമിഴ്‌നാട് ജലവിഭവമന്ത്രി പരിശോധന നേരിൽക്കാണാൻ എത്തുമെന്ന് നേരത്തേ അറിയിച്ചെങ്കിലും തിരക്കുമൂലം വന്നില്ല. 27 അടി ഉയരത്തില്‍ നടുവിലെ ഷട്ടർ ഉയർത്തിയാണ് പരിശോധന നടത്തുക.
പറമ്പിക്കുളം ഡാമിലെ പുതിയ ഷട്ടര്‍: പ്രവർത്തനക്ഷമത പരിശോധന വിജയകരം - പറമ്പിക്കുളം
രണ്ടര മാസം മുന്‍പ് പറമ്പിക്കുളം ഡാമിന്‍റെ രണ്ടാം നമ്പര്‍ ഷട്ടര്‍ തകര്‍ന്ന് പൂര്‍ണമായും ഒഴുകി പോയതിനെ തുടര്‍ന്നാണ് പുതിയത് നിര്‍മിച്ചത്
പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ അണക്കെട്ടിൽ വെള്ളം സംഭരിക്കാനാണ് തമിഴ്‌നാടിന്‍റെ തീരുമാനം. ഷട്ടറിന്‍റെ ഇരുവശവും റബ്ബർ സീൽ സ്ഥാപിക്കുന്നത് പൂർത്തിയാക്കിയതോടെ ഷട്ടർ പ്രവർത്തന സജ്ജമായി. തിരുച്ചിറപ്പള്ളിയിലെ വർക്ക്‌ഷോപ്പിൽ നിർമിച്ച 27 അടി ഉയരവും 35 ടണ്ണോളം ഭാരവുമുള്ള ഷട്ടറാണ് പുതിയതായി സ്ഥാപിച്ചത്. ബലക്ഷയം സംഭവിച്ച പഴയ ഷട്ടർ രണ്ടര മാസം മുന്‍പ് തകർന്നതിനെ തുടർന്ന് പറമ്പിക്കുളം അണക്കെട്ടിലെ ജലനിരപ്പ് സ്‌പിൽവേ ഷട്ടർ വരെയാക്കി നിലനിർത്തുകയായിരുന്നു.
ഷോളയാർ അണക്കെട്ടിൽ നിന്നും പവർഹൗസിലെത്തുന്ന വെള്ളം വൈദ്യുതി ഉത്‌പാദനത്തിന് ശേഷം പറമ്പിക്കുളം അണക്കെട്ടിലെത്തിച്ച് ജലനിരപ്പ് ഉയർത്തും. പറമ്പിക്കുളം അണക്കെട്ടിലെ ആറ് ടിഎംസിയോളം വെള്ളം പുഴയിലേക്ക് ഒഴുക്കേണ്ട സാഹചര്യം വന്നത് ചിറ്റൂർ മേഖലയിലേക്ക് വെള്ളം ലഭിക്കുന്നത് ഇല്ലാതാക്കുമെന്ന ആശങ്ക കർഷകർക്കിടയിൽ ഉണ്ടാക്കിയിരുന്നു. എന്നാൽ, പുതിയ ഷട്ടർ സ്ഥാപിച്ച് വെള്ളം സംഭരിച്ച് തുടങ്ങുന്നത് സംസ്ഥാനത്തിന് ഏറെ ആശ്വാസകരമാണ്.