പാലക്കാട്: 'വിളര്‍ച്ച ഒഴിവാക്കാം' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഊര്‍ജ്ജിത വിളര്‍ച്ചാ പ്രതിരോധ യജ്ഞത്തിന് തുടക്കമായി. വനിത ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളിലും കുട്ടികളിലും സാധാരണയായി കണ്ടുവരുന്ന അനീമിയ അഥവാ വിളര്‍ച്ച തടയുകയെന്ന ലക്ഷ്യത്തോടെ ഈ വർഷം ജനുവരി മുതല്‍ 2022 ജനുവരി വരെയാണ് ഊര്‍ജ്ജിത വിളര്‍ച്ചാ പ്രതിരോധ യജ്ഞം നടത്തുക.
ജില്ലയിലെ എല്ലാ പ്രധാന വകുപ്പുകളിലും സ്ഥാപനങ്ങളിലും അനീമിയ പ്രതിരോധം സംബന്ധിച്ച പോസ്റ്ററുകള്‍ പതിക്കുക, 13 ബ്ലോക്കുകളിലുമുള്ള ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ മുഖേന പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കുക, ഫീല്‍ഡ് തല ക്ലാസുകള്‍ നടത്തുക തുടങ്ങിയ ബോധവത്ക്കരണ പരിപാടികളാണ് പ്രതിരോധ യജ്ഞത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ആരോഗ്യമുള്ള ശരീരത്തിന് രക്തത്തില്‍ 12 ഗ്രാം ഹിമോഗ്ലോബിന്‍ ആവശ്യമാണ്. ഈ അളവില്‍ ഹിമോഗ്ലോബിന്‍ ശരീരത്തില്‍ നിലനിര്‍ത്താനായില്ലെങ്കില്‍ തളര്‍ച്ച, ശ്വാസതടസം, ബോധക്ഷയം, ക്രമരഹിത ആര്‍ത്തവം, പഠനത്തില്‍ അശ്രദ്ധ, പ്രസവ സമയത്ത് അമിത രക്തസ്രാവം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും. വിളര്‍ച്ച തടയുന്നതിന് ഇരുമ്പും വൈറ്റമിന്‍ സിയും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ധാരാളമായി കഴിക്കുകയും ഐ.എഫ്.എ ടാബ്ലറ്റുകള്‍ ഉപയോഗിക്കുകയും ചെയ്യാമെന്ന് ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
'വിളര്‍ച്ച ഒഴിവാക്കാം' പദ്ധതിക്ക് ജില്ലയിൽ തുടക്കം - സാമൂഹ്യനീതി വകുപ്പ്
സ്ത്രീകളിലും കുട്ടികളിലും സാധാരണയായി കണ്ടുവരുന്ന അനീമിയ അഥവാ വിളര്‍ച്ച തടയുകയെന്ന ലക്ഷ്യത്തോടെ ഈ വർഷം ജനുവരി മുതല്‍ 2022 ജനുവരി വരെയാണ് ഊര്‍ജ്ജിത വിളര്‍ച്ചാ പ്രതിരോധ യജ്ഞം നടത്തുക.
ജില്ലാ പഞ്ചായത്തില്‍ നടന്ന പോസ്റ്റര്‍ പതിക്കല്‍ പരിപാടിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. കലക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം ആര്‍.പി. സുരേഷ് പോസ്റ്റര്‍ പ്രകാശനം ചെയ്‌തു. മറ്റ് വകുപ്പുകളില്‍ ജില്ലാ മേധാവികളും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ സെക്രട്ടറിമാരും പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലും കോളജുകളിലും മറ്റു പ്രധാന സ്ഥാപനങ്ങളിലും വിളര്‍ച്ച ഒഴിവാക്കാം പദ്ധതിയുടെ ഭാഗമായി ഒരാഴ്‌ചയ്ക്കകം 3500 പോസ്റ്ററുകള്‍ പതിക്കുമെന്ന് വനിത ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍.ലത അറിയിച്ചു.