പാലക്കാട് : മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം എസ്. ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെല്ലാം ബിജെപി, ആർഎസ്എസ് ബന്ധമുള്ളവരാണെന്ന് പൊലീസ് കോടതിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആദ്യം അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് പ്രതികൾ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്നത്.
കേസിൽ ആകെ അറസ്റ്റിലായ എട്ട് പേരിൽ നാലുപേരെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്‌തിരുന്നു. ബാക്കി നാലുപേരെ വെള്ളിയാഴ്‌ച റിമാൻഡ് ചെയ്‌തു. പ്രതികൾ ഒന്നര വർഷമായി സിപിഎമ്മുമായി അകന്ന് കഴിയുകയാണെന്നും ഈ കാലയളവിൽ അർഎസ്എസ്, ബിജെപി പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്‌തിരുന്നുവെന്നും അപേക്ഷയിൽ പറയുന്നു.