പാലക്കാട് : വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ തലയ്‌ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുമ്പ് ചെങ്കോൽ വീട്ടിൽ ഗിരീഷ്(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ തിരുവാലത്തൂർ കല്ലിങ്കൽ വീട്ടിൽ സജു(33), അക്ഷയ്(24) എന്നിവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്.
വാക്കുതര്‍ക്കത്തിന് പിന്നാലെ ആക്രമണം ; തലയ്‌ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു - പാലക്കാട് കൊടുമ്പ്
വാക്കുതര്‍ക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ഗിരീഷിനെ പ്രതികള്‍ പിന്തുടര്‍ന്നെത്തി തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു
ജൂണ്‍ ഏഴിനാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. ഗിരീഷും പ്രതികളും തമ്മില്‍ രാത്രിയില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങിയ ഗിരീഷിനെ പ്രതികള്‍ ഇരുവരും പിന്തുടര്‍ന്ന് തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു.
സാധാരണ അപകടമാണെന്നാണ് നാട്ടുകാരും പൊലീസും ആദ്യം കരുതിയിരുന്നത്. എന്നാല്‍ സംഭവത്തില്‍ അസ്വാഭാവികത തോന്നി ടൗൺ സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തലയ്ക്ക് അടിയേറ്റതാണെന്ന് കണ്ടെത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഗിരീഷിനെ ആക്രമിച്ചശേഷം രക്ഷപ്പെട്ട പ്രതികളെ ശനിയാഴ്‌ചയാണ് (11 ജൂണ്‍ 2022) പിടികൂടിയത്.