പാലക്കാട് :ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്‌ടമായത് 46 പേർക്ക്. കാട്ടാനയും പന്നിയും അടക്കമുള്ള മൃഗങ്ങളുടെ ആക്രമണത്തിലാണ് മരണങ്ങൾ സംഭവിച്ചത്. ധോണിയിലെ ശിവരാമന്‍റെ മരണമാണ് പട്ടികയിൽ അവസാനത്തേത്.
അഞ്ച് വർഷത്തിനിടയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 586 പേർക്ക് പരിക്കേറ്റു. ഇതിന് പുറമെ 95 പേർ പാമ്പ് കടിയേറ്റും മരിച്ചു. ആക്രമണങ്ങളും മരണങ്ങളും ഉണ്ടാകുമ്പോഴും പോംവഴികളില്ലാതെ വനംവകുപ്പ് നെട്ടോട്ടത്തിലാണ്.
കാട്ടുമൃഗങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള കൃഷിരീതി മൃഗങ്ങൾ കൂടുതലായി കാടിറങ്ങാൻ കാരണമായി എന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തൽ. ചക്കയും മാങ്ങയും നെല്ലും തിന്നുശീലിച്ച കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് വീണ്ടും എത്തുകയാണെന്ന് കർഷകരും പറയുന്നു.
READ MORE: ധോണിയില്‍ പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു
ആനത്താരയിൽ ജനവാസം തുടങ്ങിയതാണ് ആക്രമണത്തിന് കാരണമെന്ന് വാദിക്കുന്നവരുമുണ്ട്. എന്തായാലും കാട്ടുമൃഗങ്ങളുടെ മനുഷ്യക്കുരുതി തുടരുന്ന സ്ഥിതിയാണ്. വൈദ്യുതി വേലിയടക്കമുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഇവയെ ചെറുക്കാനുള്ള വഴികൾ തിരയുമ്പോഴും അതിനെയും മറികടക്കുകയാണ് വന്യമൃഗങ്ങൾ.