പാലക്കാട്:അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും സ്വർണക്കപ്പുയർത്തിയ കലാപ്രതിഭകൾക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണം. കപ്പുമായെത്തിയ വിദ്യാർഥികളെയും അധ്യാപകരെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവേറ്റത്.
കലാകീരിടവുമായെത്തിയ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം - kerala school kalolsavam
സ്വര്‍ണക്കപ്പുമായെത്തിയ വിദ്യാർഥികളെയും അധ്യാപകരെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പാലക്കാട് വരവേറ്റു.

വിക്‌ടോറിയ കോളജിന് മുന്നിൽ നിന്നും ആരംഭിച്ച സ്വീകരണ ഘോഷയാത്രയെ മോയിൻസ് സ്‌കൂളിന്‍റെ മുന്നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരിയുടെയും നഗരസഭാ ചെയർപേഴ്‌സൺ പ്രമീളാ ശശിധരന്‍റെയും നേതൃത്വത്തിൽ സ്വീകരിച്ചു. ആർപ്പുവിളികളും കരഘോഷങ്ങളുമായി വിദ്യാർഥികൾ ആവേശത്തിലായതോടെ ജനപ്രതിനിധികളും കുട്ടികൾക്കൊപ്പം പങ്കുചേര്‍ന്നു. മറ്റൊരു ജില്ലയ്‌ക്കും വിട്ടുകൊടുക്കാതെ വരുംവർഷങ്ങളിലും കിരീടം പാലക്കാട് തന്നെയെത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി പറഞ്ഞു. 911 പോയിന്‍റോടെയാണ് പാലക്കാട് സംസ്ഥാന സ്‌കൂൾ കലോത്സവ ജേതാക്കളായത്. ഇത്തവണത്തെ കായിക കിരീടവും പാലക്കാടിന് തന്നെയായിരുന്നു.