പാലക്കാട്:യാക്കര തങ്കം ആശുപത്രിയിൽ നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ അശുപത്രിക്കെതിരെ ആരോപണങ്ങള്‍ ആവർത്തിച്ച് ഭർത്താവ് രഞ്ജിത്ത്. കുടുംബക്കാർ പലതവണ ചോദിച്ചപ്പോഴാണ് ഗർഭപാത്രം നീക്കം ചെയ്‌തുവെന്ന് ഡോക്‌ടർമാർ പറഞ്ഞത്. മരണത്തിന് ശേഷം ബന്ധുക്കളുടെ ആരോപണങ്ങളെ സ്വാഭാവിക പ്രതികരണമെന്ന് പറഞ്ഞ് നിസാരവൽക്കരിക്കുകയാണ് ആശുപത്രി അധികൃതർ ചെയ്‌തതെന്നും രഞ്ജിത്ത് ആരോപിച്ചു.
പ്രസവ സമയത്ത് ആവശ്യത്തിന് ബ്ലഡ് ആശുപത്രി എത്തിച്ചുവെന്നത് കള്ളമാണ്. കുടുംബക്കാർ സ്വന്തം വാഹനത്തിൽ പോയാണ് സ്വകാര്യ ആശുപത്രികളിൽ നിന്നടക്കം രക്തം എത്തിച്ചത്. രക്തം ആവശ്യമാണെന്ന് മുൻകൂട്ടി പറഞ്ഞിരുന്നില്ല.
പ്രസവ ശേഷം ഐശ്വര്യയുടെ അവസ്ഥ മോശമാണെന്ന് വളരെ വൈകിയാണ് ബന്ധുക്കളോട് പറയുന്നത്. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും ഡോക്‌ടർമാർ സമ്മതിച്ചില്ല. ആശുപത്രിയിൽ നിന്ന് മാറ്റുന്നത് സ്ഥിതി വഷളാക്കുമെന്നാണ് പറഞ്ഞത്.