പാലക്കാട്:സ്റ്റേഡിയം സ്റ്റാൻഡിനകത്ത് ആരംഭിക്കുന്ന പുതിയ ബസ് ടെർമിനലിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു. 2020 മാർച്ചിൽ നിർമ്മാണം പൂർത്തിയാകുമെന്ന് പറഞ്ഞതാണ് ഇതുവരെ പണികൾ തീരാതെ പാതിവഴിയിൽ കിടക്കുന്നത്. ടെർമിനലിന്‍റെ നിർമ്മാണത്തിൽ ചില മാറ്റങ്ങൾ വരുത്തിയതാണ് പ്രവർത്തനം വൈകാനുള്ള കാരണമായി നഗരസഭ അധികൃതർ പറയുന്നത്.
ഓട്ടോ സ്റ്റാൻഡിനോട് ചേർന്നുള്ള ഭാഗത്താണ് പുതിയ ടെർമിനർ നിർമ്മിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 3.19 കോടി രൂപയുടേതാണ് പദ്ധതി. നിലവിൽ ബിൽഡിങ്ങിന്‍റെ നിർമ്മാണം 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. യാർഡ് നിർമ്മാണവും പൂർത്തിയാകാൻ ബാക്കിയുണ്ട്.
നിലവിൽ സ്റ്റാൻഡിലെ ബസ് ബേയിൽ 16 ബസുകൾ മാത്രം നിറുത്താനുള്ള സൗകര്യമാണുള്ളത്. ഇതുമൂലം സ്റ്റാൻഡിനകത്ത് ഇരുഭാഗത്തുമുള്ള റോഡിലാണ് ബസുകൾ നിറുത്തിയിടുന്നത്. ഇത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇത്തരം ഭാഗങ്ങളിൽ ഇരിപ്പിടമില്ലാത്തതിനാൽ കടകൾക്ക് മുന്നിലുള്ള നടപ്പാതകളിലാണ് യാത്രക്കാർ മഴയും വെയിലും കൊള്ളാതിരിക്കാൻ കയറി നിൽക്കുന്നത്. ബസ് ബേയിലുള്ള ഇരിപ്പിടങ്ങൾ കാലപ്പഴക്കം മൂലം പലതും തുരുമ്പെടുത്ത നിലയിലാണ്. കൂടാതെ മതിയായ ശൗചാലയ സൗകര്യവുമില്ല. ഇത്തരം പ്രശ്‌നങ്ങൾക്ക് പുതിയ ടെർമിനൽ നിർമ്മാണം പൂർത്തിയായാൽ മാത്രമേ പരിഹാരമാകൂ.