പാലക്കാട്:ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധത്തില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. 26 പേര്‍ പ്രതിയായ കേസില്‍ 893 പേജുള്ള കുറ്റപത്രം പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിലെ രാഷ്ട്രീയ പകപോക്കലാണ് ശ്രീനിവാസന്‍ വധത്തിന് കാരണമെന്നാണ് എഫ്‌ഐആർ.
പ്രതിപട്ടികയിലുള്ള 26-പേരില്‍ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ 25 പേരെ പൊലീസ് പിടികൂടി. തെളിവായി 293 രേഖകളും 282 വസ്‌തുക്കളും ഹാജരാക്കിയിട്ടുണ്ട്. 279 സാക്ഷികളുള്ള കേസുമായി ബന്ധമുള്ള മറ്റ് 14 പേരെയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
2022 ഏപ്രില്‍ 16നാണ് കേസിനാസ്‌പദമായ സംഭംവം. ശ്രീനിവാസനെ മേലാമുറിയിലുള്ള സ്വന്തം സ്ഥാപനത്തില്‍ കയറിയാണ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എം.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊലപാതകവുമായി ബന്ധമുള്ളവരെ ഒരാഴ്‌ചയ്‌ക്കുള്ളില്‍ കണ്ടെത്തി.
പ്രധാന പ്രതികളിലൊരാളായ പട്ടാമ്പി ഇട്ടിലത്തൊടിയിൽ വീട്ടിൽ മുഹമ്മദ് മൻസൂര്‍ വിദേശത്തേക്ക് കടന്ന സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടിയും അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. കേസിന്‍റെ രണ്ടാം ഘട്ട അന്വേഷണം ഇന്ന് (14-07-2022) ആരംഭിക്കും.
കൊലപാതകം ആസൂത്രണം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിക്ക് പിറകിലെ മൈതാനത്തോടുചേർന്നാണ് മറുകൊല ചെയ്യാൻ അക്രമിസംഘം പദ്ധതിയിട്ടതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. കൊല്ലേണ്ടവരുടെ ലിസ്റ്റ് പരിശോധിച്ച് എളുപ്പം എത്തിപ്പെടാനും രക്ഷപ്പെടാനുമുള്ള സ്ഥലം കണ്ടെത്തി. ഇതിനായി അഗ്നിരക്ഷ ഉദ്യോഗസ്ഥനായ എസ്‌ഡിപിഐ അനുഭാവിയുടെ സഹായമുണ്ടായി.
പാലക്കാട് നഗരത്തിന് പുറമെ തൃത്താല, ഒറ്റപ്പാലം, കല്ലേക്കാട് എന്നിവിടങ്ങളിൽ പോപ്പുലർ ഫ്രണ്ട് അക്രമിസംഘം ലിസ്റ്റിലുള്ളവർക്കായി തെരച്ചിൽ നടത്തി. അവരെ കിട്ടാതായപ്പോഴാണ് ലിസ്റ്റിലെ അവസാനക്കാരനായ ശ്രീനിവാസനിലേക്കെത്തിയത്. 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറംഗസംഘത്തിനു പുറമെ വിവിധ വാഹനങ്ങളിൽ കുറച്ചുപേരെ സ്ഥലം നിരീക്ഷിക്കാനും പൊലീസിന്റെ സാന്നിധ്യം അറിയിക്കാനുമായി വിട്ടു.
പ്രശ്‌നങ്ങളില്ലെന്ന് വിവരം ലഭിച്ചശേഷമാണ് മൂന്ന് ബൈക്കിലായി ശ്രീനിവാസന്റെ സ്ഥാപനത്തിലെത്തി അക്രമിസംഘം കൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.