പാലക്കാട്: ആറ് വയസുകാരനെ കഴുത്തറുത്ത് കൊന്ന കേസിൽ അറസ്റ്റിലായ മാതാവ് ഷഹീദ പൊലീസ് സ്റ്റേഷനിൽ പെരുമാറിയത് ഒരു ഭാവമാറ്റവുമില്ലാതെ. സംഭവം നടന്ന ദിവസം പുലർച്ചെ തന്നെ ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ചോദ്യം ചെയ്യലിൽ പതർച്ചയൊന്നുമില്ലാതെയാണ് ഷഹീദ മറുപടി നൽകിയത്. പ്രാർഥനയുടെയും ഉൾവിളിയുടെയും കഥകൾ ചോദ്യം ചെയ്യലിലും ആവർത്തിച്ചു.
പാലക്കാട് എസ്‌പി ആർ വിശ്വനാഥ്, നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സിഡി ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലം പൊലീസ് പരിശോധിച്ചു. വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി. ദുരൂഹതകൾ ഉള്ളതിനാൽ പൊലീസ് സർജൻ ഡോക്‌ടർ പിബി ഗുജ്റാൾ നേരിട്ട് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.