കേരളം

kerala

ETV Bharat / state

ശ്രീനിവാസന്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് 23-ാം പ്രതി - മുഹമ്മദ് ഹക്കീം

കേസില്‍ 23-ാം പ്രതിയായ പട്ടാമ്പി സ്വദേശി മുഹമ്മദ് ഹക്കീമാണ് കൊലപാതകശേഷം പ്രതികള്‍ ഉപയോഗിച്ച വാഹനം ഒളിപ്പിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

sreenivasan murder case  sreenivasan murder  palakkad rss worker murder  ശ്രീനിവാസന്‍ വധക്കേസ്  പട്ടാമ്പി  ആര്‍എസ്എസ്  എന്‍ ഐ എ  മുഹമ്മദ് ഹക്കീം  ടൗണ്‍ സൗത്ത് പൊലീസ്
Sreenivasan Murder

By

Published : Dec 25, 2022, 10:02 AM IST

പാലക്കാട്:ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പട്ടാമ്പി കൊണ്ടൂർക്കര സ്വദേശി മുഹമ്മദ് ഹക്കീമാണ് (25) പിടിയിലായത്. കേസില്‍ 23-ാം പ്രതിയായ ഹക്കീമിനെതിരെ ഗൂഢാലോചന കുറ്റമാണ് ടൗണ്‍ സൗത്ത് പൊലീസ് ചുമത്തിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് അംഗമാണ് ഹക്കീം. ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിനായി പ്രതികള്‍ ഉപയോഗിച്ച വാഹനം ഒളിപ്പിച്ചത് ഹക്കീം ആണെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.

കേസില്‍ 52 പ്രതികളാണുള്ളത്. ഇതുവരെയാകെ 43 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

എന്‍ഐഎ അന്വേഷിക്കും:ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ അന്വേഷിക്കും. ഇത്‌ സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. എന്‍ഐഎ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക.

പൊലീസില്‍ നിന്ന് കേസ് ഡയറി ലഭിക്കുന്ന മുറയ്ക്ക് കേന്ദ്ര അന്വേഷണ സംഘം കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. നേരത്തെ പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍റെ വധത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.പോപ്പുലര്‍ ഫ്രണ്ട് റെയ്‌ഡിന് പിന്നാലെ അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി സിഎ റൗഫ്, യഹിയ കോയ തങ്ങള്‍ എന്നിവര്‍ക്ക് ശ്രീനിവാസന്‍ വധക്കേസില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൊലയ്‌ക്ക് പ്രതികാരം:ഇക്കഴിഞ്ഞ ഏപ്രില്‍ 16നാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ ആക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകല്‍ നഗരമധ്യത്തിലെ കടയില്‍ കയറി ശ്രീനിവാസനെ വധിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോര്‍ച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടില്‍ വച്ച്‌ ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകല്‍ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറ് പേര്‍ മേലാമുറിയിലെ എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടര്‍ന്ന്, മൂന്നുപേര്‍ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.

ജാമ്യ ഹര്‍ജി തള്ളി, കേസ് ജനുവരിയില്‍ വീണ്ടും കോടതിയില്‍:കേസിലെ 40-ാം പ്രതിയായ പി എഫ്‌ ഐ പാലക്കാട് ജില്ല സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ്, എസ്‌ ഡി പി ഐ സംസ്ഥാന കമ്മിറ്റി അംഗം അമീര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് രണ്ട് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. ഗൂഢാലോചന, കൊലനടത്താന്‍ പ്രേരിപ്പിക്കല്‍, പ്രതികളെ ഒളിപ്പിക്കുവാന്‍ സഹായിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

അബൂബക്കര്‍ സിദ്ദീഖില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ്പ്‌ടോപ്പ് എന്നിവയില്‍ നിന്ന് കൊലക്കേസ് സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി കേസിലെ 15-ാം പ്രതിയായ എസ് റിഷിലിന്‍റെ കയ്യക്ഷരവും 16-ാം പ്രതിയായ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ബി ജിഷാദിന്‍റെ ശബ്‌ദ രേഖയും പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കി. തുടര്‍ന്ന് കേസ് വീണ്ടും പരിഗണിക്കാനായി 2023 ജനുവരി നാലിലേക്ക് മാറ്റുകയായിരുന്നു.

ABOUT THE AUTHOR

...view details