പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതികൾ കൊലപാതകത്തിന് മുമ്പ്, സുബൈറിന്‍റെ പോസ്റ്റ്മാർട്ടം നടന്ന ജില്ല ആശുപത്രി പരിസരത്തുണ്ടായിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചു. നഗരത്തിലെ മുഴുവൻ സിസിടിവികളും പരിശോധിച്ച് വരികയാണ്. പ്രതികൾ ആറുപേരെയും തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു.
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം : പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്, തിരച്ചിൽ ഊർജിതം
ഫോണുകളും, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം
ഇവർക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയവരെ കുറിച്ച് സൂചന ലഭിച്ചു. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികൾ രക്ഷപ്പെടാനിടയുള്ള സ്ഥലങ്ങളിലേക്ക് വിവിധ സംഘങ്ങളാക്കി പൊലീസുകാരെ അയച്ചാണ് അന്വേഷണം. കൊലയാളി സംഘത്തിലുണ്ടെന്ന് സംശയിക്കപ്പെടുന്നയാളുടെ സഹോദരനുൾപ്പടെ കഴിഞ്ഞദിവസങ്ങളിലായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു.
സമീപ ജില്ലകളിലേക്കും എസ്‌ഡിപിഐ ശക്തികേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചു. ജില്ലയിലെ സജീവ എസ്‍ഡിപിഐ പ്രവർത്തകരും നേതാക്കളും ഒളിവിലാണ്. പൊലീസ് പിടിച്ചെടുത്ത നൂറിലധികം ഫോണുകൾ സൈബർ സംഘം പരിശോധിച്ചുവരികയാണ്.