പാലക്കാട് :പാലക്കാട് ജില്ലയിലെ പിരായിരി പഞ്ചായത്തില്‍ എല്‍ഡിഎഫ്-ബിജെപി കൂട്ടുകെട്ട് എന്ന ആരോപണം ശക്തമായതോടെ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് എല്‍ഡിഎഫ് അംഗം. കഴിഞ്ഞ ദിവസമാണ് ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫ് അംഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായത്. ജനതാദൾ അംഗം സുഹറ ബഷീറാണ് കഴിഞ്ഞ വെള്ളിയാഴ്ച ബി.ജെ.പി പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്.
തുടർന്ന് നടന്ന എൽ.ഡി.എഫ് യോഗത്തിൽ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാൻ സുഹറ ബഷീറിനോട് ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ സുഹറ ബഷീർ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സുഹറ ബഷീറാകും എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫിൽ ഷെറീന ബഷീറും മത്സരിക്കും. നിലവിൽ യു.ഡി.എഫിനാണ് പിരായിരി പഞ്ചായത്ത് ഭരണസമിതിയില്‍ ഭൂരിപക്ഷം.
സുഹറ ബഷീർ പ്രസിഡന്‍റായതിങ്ങനെ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പിരായിരി പഞ്ചായത്തില്‍ ഭൂരിപക്ഷം നേടിയ യുഡിഎഫ് ധാരണ പ്രകാരം ആദ്യ രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും അടുത്ത രണ്ടര വർഷം മുസ്ലീം ലീഗിനും എന്നതായിരുന്നു ധാരണ. ഇത് പ്രകാരം കോൺഗ്രസ് പ്രസിഡന്‍റ് രാജിവെച്ച ശേഷം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാർഥിയായ സുഹറ ബഷീർ ബിജെപി പിന്തുണയോടെ 11 വോട്ട് നേടി വിജയിച്ചത്.
യു.ഡി.എഫ് സ്ഥാനാർഥിയായ മുസ്ലിം ലീഗിലെ ഷെറീന ബഷീറിന് 10 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന്റെ 6 വോട്ടും ലീഗിന്റെ 4 വോട്ടും ഉൾപ്പെടെ 10 വോട്ടാണ് മുസ്ലീം ലീഗിന്റെ ഷെറീന ബഷീർ നേടിയത്. എന്നാൽ എൽ.ഡി.എഫിന്റെ എട്ട് വോട്ടിനൊപ്പം ബി.ജെ.പിയുടെ മൂന്ന് വോട്ടുകൾ കൂടി ലഭിച്ചതോടെ സുഹറ ബഷീർ വിജയിക്കുകയായിരുന്നു. ഇതേ തുടർന്ന് പഞ്ചായത്തില്‍ എൽ.ഡി.എഫ്- ബി.ജെ.പി കൂട്ടുകെട്ട് പരസ്യമായതായി യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.