പാലക്കാട്:ദേശീയപാതയില്‍ കാര്‍ തടഞ്ഞ് പണം കവര്‍ന്ന സംഘത്തിലെ രണ്ടുപേര്‍ കോടതിയില്‍ കീഴടങ്ങി. തൃശൂര്‍ സ്വദേശികളായ ജീസൻ ജോസ് (37), പി.വി സന്ദീപ് (32) എന്നിവരാണ് പാലക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. പ്രതികള്‍ കഴിഞ്ഞ ഏഴ് മാസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷം പാലക്കാട് സെക്കന്‍ഡ് അഡീഷണല്‍ ജില്ല കോടതിയില്‍ ജാമ്യത്തിനായി സമീപിച്ചെങ്കിലും നിരസിച്ചതോടെയാണ് പ്രതികള്‍ കീഴടങ്ങിയത്.
ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാനും തെളിവുകള്‍ ശേഖരിക്കാനുമായി തിങ്കളാഴ്ച(11.07.2022) കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് എതിരെ സംസ്ഥാനത്തുടനീളം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ ഉള്ളതായി അധികൃതര്‍ വ്യക്തമാക്കി.