പാലക്കാട്:ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവർച്ച ചെയ്യുന്ന സംഘത്തിലെ ഒരു പ്രതി കൂടി കസബ പൊലീസിൻ്റെ പിടിയിൽ. സംഘത്തിലെ പ്രധാന കണ്ണിയായ ചിറ്റൂർ കല്യാണപേട്ട കന്നിമാരി സ്വദേശി അപ്പുകുട്ടൻ എന്ന ലാലു (27) ആണ് പിടിയിലായത്. കവർച്ച നടത്തിയ ശേഷം ഒളിവിൽ പോകാൻ പ്രതികൾക്ക് സഹായം ചെയ്ത് കൊടുക്കുകയും ഇവർക്ക് വേണ്ട സിം കാർഡുകൾ എടുത്ത് കൊടുക്കുകയും ചെയ്തത് ഇയാളാണെന്ന് പൊലീസ് പറയുന്നു.
ഡിസംബർ 15നാണ് കേസിനാസ്‌പദമായ സംഭവം. ദേശീയ പാതയിലെ പുതുശേരി ഫ്ലൈ ഓവറിൽ ടിപ്പറും കാറുകളും ഉപയോഗിച്ച് കാർ തടഞ്ഞു നിർത്തി ഡ്രൈവറേയും കൂട്ടാളിയേയും ആക്രമിച്ച് കാറും പണവും തട്ടിയെടുത്ത ശേഷം പ്രതികൾ കാർ ഒറ്റപ്പാലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സിസിടിവി ക്യാമറകൾ നിരീക്ഷിച്ചും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിലെ എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞത്.