പാലക്കാട് : പത്തിരിപ്പാല മങ്കര മാങ്കുറിശ്ശിയില്‍ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഭർത്താവിൽ നിന്നും ആ വീട്ടുകാരിൽ നിന്നും 19 കാരി നഫ്‌ല കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി കുടുംബം പറയുന്നു. മാങ്കുറിശ്ശി കക്കോട് അത്താണിപ്പറമ്പ് മുജീബിന്‍റെ ഭാര്യ നഫ്‌ലയാണ് ജീവനൊടുക്കിയത്. പാലക്കാട്ടെ സ്വകാര്യ കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു നഫ്‌ല.
പത്ത് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. 10 മാസമായിട്ടും ഗർഭിണിയാകാത്തതിലും തടി കൂടുന്നതിലും ഭർതൃവീട്ടിൽ നിന്നും മാനസിക പീഡനവും പരിഹാസവും നേരിട്ടിരുന്നുവെന്നും അതാണ് നഫ്‌ലയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സഹോദരൻ നഫ്‌സൽ പറഞ്ഞു.