പാലക്കാട്: തേങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിന്‍റെ മൃതദേഹം സംസ്‌കരിച്ചു. ദുരഭിമാനക്കൊലയിൽ അനീഷിന്‍റെ ഭാര്യാപിതാവും അമ്മാവനും കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് രാത്രി രേഖപ്പെടുത്തും. അനീഷിനെ വെട്ടിക്കൊന്നതു പെൺകുട്ടിയുടെ പിതാവ് പ്രഭുകുമാറെന്നു ദൃക്‌സാക്ഷിയും അനീഷിന്‍റെ സഹോദരനുമായ അരുണ്‍ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ആന്തരിക രക്തസ്രാവമാണു മരണകാരണം.
മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഹൃദയഭേദകമായ രംഗങ്ങൾക്കാണ് ഏവരും സാക്ഷ്യം വഹിച്ചത്. വാവിട്ടു കരയുന്ന ഭാര്യ ഹരിതയെ സമാധാനിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കൾ കുഴങ്ങി. കരച്ചിൽ അടക്കിനിർത്താൻ ഏവരും പ്രയാസപ്പെട്ടു. തന്നെ അനാഥമാക്കിയവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന് ഹരിത പറഞ്ഞു. വിവാഹം മുതല്‍ വീട്ടുകാര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഹരിത പറഞ്ഞു. പൊലീസിൽ പരാതി നൽകിയപ്പോൾ അവർ കാര്യമായെടുത്തിരുന്നെങ്കില്‍ അനീഷ് കൊല്ലപ്പെടില്ലായിരുന്നു. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ തുടര്‍നടപടി ഉണ്ടായില്ലെന്നും ഹരിത പറഞ്ഞു.