പാലക്കാട് :ലോകത്ത് എവിടെ പോയാലും മലയാളി അന്വേഷിക്കുന്ന അരിയുണ്ട്, പാലക്കാടൻ മട്ട. അതുകൊണ്ടുള്ള ഊണിന്‍റെ രുചി വേറെതന്നെ. ഗൾഫ് നാടുകളിലും പാലക്കാടൻ മട്ടയ്‌ക്ക് വലിയ പ്രചാരമാണ്. പാലക്കാടൻ വയലുകളിൽ വിളയുന്ന ഗുണമേന്മയേറിയ നെല്ലിനങ്ങളാണ് പാലക്കാടൻ മട്ടയായി അറിയപ്പെടുന്നത്.
ഈ ഇനത്തിന് ലോക ഭൗമസൂചിക പദവി ലഭിച്ചിട്ട് 14 വർഷം പൂർത്തിയായി. വർഷത്തിൽ രണ്ട് സീസണുകളിലായി രണ്ടര ലക്ഷം ടൺ നെല്ലാണ് പാലക്കാടൻ മട്ടയിനത്തിൽ വിളയിക്കുന്നത്. ഇതിൽ ഭൂരിഭാഗവും വിദേശത്തേക്ക് വൻ വിലയ്ക്ക് കയറ്റി അയക്കുകയും ചെയ്യുന്നു.
2008 മാർച്ച് 30നായിരുന്നു ഭൗമ സൂചിക പ്രഖ്യാപനം വന്നത്. അതിനുശേഷം ആവശ്യക്കാരേറി. സംസ്ഥാനത്ത് മറ്റ് പലയിടത്തും തമിഴ്‌നാട്ടിലും മട്ട ഇനങ്ങൾ കൃഷിചെയ്യുന്നുണ്ടെങ്കിലും പാലക്കാട് ജില്ലയിലെ ഉയർന്ന ചൂടും ആർദ്രതയുമുള്ള കാലാവസ്ഥയും മണ്ണിന്റെ ഗുണവുമാണ് അരിയുടെ മേന്മ വർധിപ്പിക്കുന്നത്.
പ്രഖ്യാപനത്തിന്‍റെ ഗുണം ലഭിക്കാതെ കര്‍ഷകര്‍ :പാലക്കാട് മട്ട ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡാണ് ജില്ലയിൽ മട്ട അരിയുടെ പ്രചാരത്തിനും വിപണനത്തിനും നേതൃത്വം നൽകുന്നത്. ലോകശ്രദ്ധയിലേക്കുയർന്ന് 14 വർഷം കഴിഞ്ഞിട്ടും അതിനുതക്ക പ്രയോജനം പാലക്കാടൻ മട്ടയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
മട്ട ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് കമ്പനിയും സഹകരണ സ്ഥാപനമായ പാഡികോയും പാലക്കാടൻ മട്ട വിപണിയിലിറക്കുന്നുണ്ട്. ഇവയ്‌ക്ക് കിലോയ്ക്ക് 40 രൂപയാണ് വില. സപ്ലൈകോയുടെ നെല്ല് സംഭരണം വൈകുമ്പോൾ സ്വകാര്യമില്ലുകാർ കർഷകരിൽനിന്നും നെല്ല് കുറഞ്ഞ വിലയ്‌ക്ക് സംഭരിച്ച് അതിനെ അരിയാക്കി വിദേശ മാർക്കറ്റിൽ വൻ വിലയ്‌ക്ക് വിൽക്കുന്നു.
ഇതിന് കേരളത്തില മാർക്കറ്റിലും വൻ ഡിമാന്റാണ്. സപ്ലൈകോയുടെ നെല്ല് സംഭരണം വൈകുമ്പോൾ കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കാൻ കഴിയാതെയാണ് കർഷകർ ചുരുങ്ങിയ വിലയ്‌ക്ക് സ്വകാര്യമില്ലുകാർക്ക് നൽകുന്നത്. സപ്ലൈാേകോയുടെ നെല്ല് സംഭരണത്തിന് സ്വകാര്യമില്ലുകാർക്ക് പാടങ്ങൾ അനുവദിക്കുന്നതിലും സപ്ലൈകോ ഉദ്യോഗസ്ഥരിൽ ചിലർ സാമ്പത്തിക ഇടപാട് നടത്തുന്നുവെന്ന ആക്ഷേപവും ഉയരാറുണ്ട്.
മട്ട ഒരിനമല്ല :പാലക്കാൻ മട്ട എന്ന് കേൾക്കുമ്പോൾ ഒരിനമാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല. ആര്യൻ, അരുവാക്കാരി, ചിറ്റേനി, ചെങ്കഴമ, ചേറ്റടി, തവളക്കണ്ണൻ, ജ്യോതി, കുഞ്ഞുകുഞ്ഞ് എന്നിവയെല്ലാം മട്ട ഇനങ്ങളാണ്. ചുവപ്പുചേർന്ന തവിട്ട് അരിയായതിനാലാണ് ഇവയെയെല്ലാം ചേർത്ത് മട്ട എന്ന് വിളിക്കുന്നത്.
മട്ടയ്ക്ക് ഒപ്പം ജില്ലയിൽ നിന്ന് ഭൗമസൂചിക പദവി ലഭിച്ച രണ്ടാമത്തെ അരിയാണ് ഞവര. 2004ലാണ് അരിക്ക് ഭൗമ സൂചിക പദവി ലഭിച്ചത്. ഔഷധ ഗുണമുള്ള ഈ നെല്ലിനത്തിന് ആയർവേദ ചികിത്സാരീതിയിൽ വലിയ സ്ഥാനമുണ്ട്. ഞവരക്കിഴി, ഞവരക്കഞ്ഞി എന്നിവ പ്രശസ്തമാണ്. ജില്ലയിൽ വളരെക്കുറച്ച് സ്ഥലത്ത് മാത്രമാണ് ഞവരക്കൃഷിയുള്ളത്.
ഭൗമസൂചികാ പദവി എന്ത് ? :ഒരു പ്രത്യേക ഉത്പന്നത്തിന് അതിന്റെ പ്രാദേശിക സവിശേഷത, ഭൂമിശാസ്ത്രപരമായ പ്രാധന്യം, പരമ്പര്യം എന്നിവ പരിഗണിച്ച് ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൗമ സൂചിക എന്ന് പറയുന്നത്. മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉത്പന്നങ്ങള്‍ക്കാണ് പ്രദേശത്തിന്‍റെ പേരിൽ ഇത്തരം അംഗീകാരം നൽകുന്നത്. ചെന്നൈ ആസ്ഥാനമായ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻസ് രജിസ്ട്രിയാണ് പദവി നൽകുന്നത്. ഇന്ത്യയിൽ ഭൗമ സൂചികാ പദവി പ്രാബല്യത്തിൽ വന്നത് 2003 സെപ്റ്റംബറിലാണ്.