പാലക്കാട്: പ്രളയത്തിൽ മലയിടിച്ചിലും മണ്ണൊലിപ്പുമുണ്ടായ ജലാശയങ്ങളുടെ വൃഷ്‌ടിപ്രദേശ സംരക്ഷണപദ്ധതിയിൽ നിന്നും മലമ്പുഴ ഡാമിനെ ഒഴിവാക്കുന്നതായി ആക്ഷേപം. ജലാശയങ്ങളുടെ വൃഷ്‌ടിപ്രദേശങ്ങളിൽ മണ്ണൊലിപ്പ് തടയാനുള്ള സംരക്ഷണ കവചം ഒരുക്കി ജലസ്രോതസുകളുടെ സ്വാഭാവികസ്ഥിതി സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രളയകാലത്ത് മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്‌ടിപ്രദേശങ്ങളിൽ വൻതോതിൽ മണ്ണൊലിപ്പുണ്ടായിരുന്നു. ഡാമിൽ ചെളിയും മണലും അടിഞ്ഞ സ്ഥിതിയാണിപ്പോൾ.
വൃഷ്‌ടിപ്രദേശ സംരക്ഷണം; മലമ്പുഴയെ ഒഴിവാക്കുന്നു - malampuzha dam
മലമ്പുഴയുടെ വൃഷ്‌ടിപ്രദേശ സംരക്ഷണത്തിന് വകുപ്പ് തലത്തിൽ പദ്ധതി നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ
നേരത്തെ ഏപ്രിലിൽ കെഎംഎംഎൽ മാനേജിങ് ഡയറക്‌ടറുടെ നേതൃത്വത്തിൽ മലമ്പുഴ അണക്കെട്ടും പരിസരപ്രദേശങ്ങളും പരിശോധിച്ചിരുന്നു. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് തുടർനടപടികളുമുണ്ടായില്ല. ഇതോടെ ശക്തമായ മഴ ഉണ്ടായാൽ വീണ്ടും മലയിടിച്ചിലിനുള്ള സാധ്യതയേറിയിരിക്കുകയാണ്. ജലസംരക്ഷണ വകുപ്പിന് കീഴിലുള്ള മലമ്പുഴയുടെ വൃഷ്‌ടിപ്രദേശ സംരക്ഷണത്തിന് വകുപ്പ് തലത്തിൽ പദ്ധതി നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് മണ്ണ് സംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
പുതിയ പദ്ധതിയിൽ അരുവിക്കര അണക്കെട്ട്, ശാസ്‌താംകോട്ടയുടെ വൃഷ്‌ടിപ്രദേശം, കോഴിക്കോട് പെരുവണ്ണാമൂഴി അണക്കെട്ടിലെ കക്കയം നീർത്തടം എന്നിവയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.