പാലക്കാട് : ജനവാസ മേഖലയിലിറങ്ങിയ പുലിയെ മയക്കുവെടിവെച്ച് പിടിക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച് ഉത്തരവിറക്കുമെന്നും വനം വകുപ്പ് അറിയിച്ചു. അകത്തേത്തറ-ധോണി പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന പുലിഭീതിയെ തുടര്‍ന്ന് കര്‍ഷക സംഘം നേതാക്കള്‍ ഡിഎഫ്‌ഒയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഒരാഴ്‌ചക്കിടെ വളര്‍ത്ത് നായ ഉള്‍പ്പെടെ മൂന്ന് മൃഗങ്ങളയാണ് പുലി കൊന്നത്. പുലിയെ ഭയന്ന് ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇതിനിടെ പല സ്ഥലങ്ങളിലായി പ്രദേശവാസികൾ പുലിയെ കണ്ടതായി അറിയിച്ചു. ഉമ്മിനി പപ്പാടിയിൽ പഴയ വീടിനുള്ളിൽ പ്രസവിച്ച് കിടന്ന തള്ളപ്പുലി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു.
എൻഎസ്‌എസ് കോളജിന് സമീപം, വൃന്ദവൻ കോളനി, മേലേ ചെറാട്, ചീക്കുഴി, ധോണി, പാറമട ഉൾപ്പെടെ വിവിധ പ്രദേശത്ത് പുലി എത്തിയിട്ടുണ്ട്. കുഞ്ഞുമായി രക്ഷപ്പെട്ട പുലിയുടെ സാനിധ്യമാണോ ഇതെന്ന് പരിശോധിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.