പാലക്കാട് :ജില്ലയിൽ ചളവറ കയിലിയാട് നിന്ന് എക്‌സൈസ് സംഘം വ്യാജ ഹാൻസ് നിർമാണ യൂണിറ്റ് കണ്ടെത്തി. പരിശോധനയിൽ 50 ലക്ഷം രൂപ വിലമതിക്കുന്ന 1300 കിലോ പുകയിലയും 500 കിലോ ഹാൻസ് പാക്കറ്റും ഇവിടെ നിന്നും കണ്ടെടുത്തു.
സംഭവത്തിൽ അവിടെ ഉണ്ടായിരുന്ന അസം സ്വദേശികളായ ദമ്പതികളെയും കസ്റ്റഡിയിലെടുത്തു. ഭക്ഷ്യോത്പന്ന നിർമാണ യൂണിറ്റിന്‍റെ മറവിലായിരുന്നു വ്യാജ ഹാൻസ് നിർമാണം.
Also Read:ഭൂമിത്തർക്കം കലാശിച്ചത് വെടിവയ്പ്പില്‍ ; നാല് പേര്‍ കൊല്ലപ്പെട്ടു
ചെറുതുരുത്തി സ്വദേശിയുടെ കയിലിയാടുള്ള വീട് വാടകയ്‌ക്കെടുത്താണ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് നിര്‍മിക്കുന്നത്. പ്രദേശത്തെ യുവജന സംഘടന നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എക്‌സൈസ് സംഘം ഈ സ്ഥാപനം കണ്ടെത്തിയത്.
യന്ത്ര സഹായത്തോടെയായിരുന്നു ഹാൻസ് നിർമാണം. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചു. കടമ്പഴിപ്പുറം സ്വദേശിയാണ് ഫാക്‌ടറി നടത്തുന്നതെന്ന വിവരവും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണവും ആരംഭിച്ചു.