പാലക്കാട്:എലപ്പുള്ളിയില്‍ മൂന്നു വയസുകാരകാരനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് സുഹൃത്തിനൊപ്പം ജീവിക്കാനെന്ന് മൊഴി. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീര്‍ - ആസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാനാണ് ഇന്നലെ (12.04.2022) കൊല്ലപ്പെട്ടത്. കേസില്‍ അമ്മ ആസിയയെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകനെ കൊലപ്പെടുത്തിയത് സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണെന്ന് ആസിയ മൊഴി നല്‍കിയത്. ആസിയയെ ഇന്ന് (13.04.2022) കോടതിയില്‍ ഹാജരാക്കും.
പൊലീസിന് നൽകിയ മൊഴി: ഒരു വര്‍ഷത്തോളമായി ആസിയയും ഭര്‍ത്താവ് മുഹമ്മദ് ഷമീറും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഷമീറിന് സംസാരശേഷി കുറവുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞതോടെ മറ്റൊരാളുമായി ആസിയ സൗഹൃദത്തിലായി.
എന്നാല്‍ കുഞ്ഞുള്ള വിവരം ഇവര്‍ സുഹൃത്തിനോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആസിയക്ക് കുഞ്ഞുള്ള വിവരം സുഹൃത്ത് അറിഞ്ഞതോടെ തര്‍ക്കമായതായി പൊലീസ് പറയുന്നു. സുഹൃത്ത് തന്നില്‍ നിന്ന് അകലുന്നു എന്ന് കണ്ടതോടെ അതിന് കാരണക്കാരന്‍ കുഞ്ഞാണെന്ന് പറഞ്ഞ് ആസിയ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് നല്‍കിയ മൊഴി.
ഇന്നലെ രാവിലെ പത്തു മണിയോടെയാണ് ആസിയയുടെ ചുട്ടിപ്പാറയിലെ വീട്ടില്‍ നിന്നും കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് സമയത്ത് സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു വയസുകാരന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പൊലീസിനോടു പറഞ്ഞത്.
എന്നാല്‍ പിന്നീട് കുഞ്ഞ് ഈന്തപ്പഴം വിഴുങ്ങിയതിനെ തുടര്‍ന്ന് ബോധം പോയതാണെന്ന് പറഞ്ഞു. ഇതോടെ പൊലീസിന് സംശയം തോന്നുകയും ആസിയയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. പാലക്കാട് കസബ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.