പാലക്കാട്:കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങൾ പ്രതിരോധിക്കാൻ കാർബൺ ന്യൂട്രൽ ജില്ലയാകാൻ പ്രത്യേക പദ്ധതിയുമായി പാലക്കാട് ജില്ലാ പഞ്ചായത്തിന്‍റെ ബജറ്റ്. പാലക്കാട് ചുരത്തിന്‍റെ ഭാഗമായി വരുന്ന പ്രദേശങ്ങളിൽ വൻ തോതിൽ വൃക്ഷതൈകൾ വച്ച് പിടിപ്പിച്ച് 'പ്ലഗ്ഗിംഗ് ദി ഗ്യാപ് ' പദ്ധതി നടപ്പിലാക്കാനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് 2021-22 ലെ ബജറ്റ് അവതരിപ്പിച്ച് പ്രസിഡന്‍റ് സി.കെ. ചാമുണ്ണി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവിലുണ്ടാകുന്ന വർധനവ് വനവത്ക്കരണത്തിലൂടെ പ്രതിരോധിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലയിലെ ഗ്രാമ -ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണവും ഹരിത കേരളം മിഷൻ, എം.ജി.എൻ.ആർ.ഇ.ജി.എസ് എന്നിവയുടെ സഹകരണവും ഫലപ്രദമായി സംയോജിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം മനസിലാക്കാൻ ഭാരതപുഴയുടെ അഞ്ച് പ്രധാനപ്പെട്ട സ്ഥലങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കാനും പദ്ധതിയുണ്ട്.
ഈ വർഷം 30 ലക്ഷം രൂപയിൽ താഴെ വില വരുന്ന ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ വാഹന വിലയുടെ 20 ശതമാനം സബ്സിഡി നൽകുന്ന പദ്ധതിക്ക് തുടക്കമിടും. പദ്ധതിയ്ക്കായി അഞ്ചു കോടി രൂപയാണ് മാറ്റിവയ്ക്കുന്നത്. നെൽ കർഷകർക്ക് പ്രാരംഭ ചെലവുകൾക്കായി ഹെക്ടറിന് 10,000 രൂപ സബ്‌സിഡി നൽകുന്ന പദ്ധതി തുടരും. ഇതിനായി 10.5 കോടി ബജറ്റിൽ വകയിരുത്തി. പാലിനു സബ്സിഡി നൽകുന്നതിനായി 1.25 കോടി രൂപ നീക്കിവയ്ക്കും. ഊർജ്ജ മേഖലയ്ക്കായി ഒരു കോടി രൂപയാണ് മാറ്റിവെച്ചത്. ജില്ലാ പഞ്ചായത്തിന് കൈമാറിക്കിട്ടിയ സ്ഥാപനങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ 25 ലക്ഷം രൂപ മാറ്റിവയ്ക്കും. അട്ടപ്പാടി ആട് ഫാമിൽ സംരക്ഷിച്ചു വരുന്ന അട്ടപ്പാടി ബ്ലാക്ക് എന്നറിയപ്പെടുന്ന വിഭാഗത്തെ പരിപാലിക്കാൻ പ്രത്യേകമായി പദ്ധതി ആവിഷ്കരിക്കും. പരമ്പരാഗത ഖാദി കൈത്തറി മേഖലയിൽ 50 ലക്ഷം രൂപ മാറ്റി വെക്കും.
ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ ആധുനിക രീതിയിലുള്ള അറവു ശാലകൾ സ്ഥാപിക്കാൻ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സേവന മേഖലയിൽ 30 കോടിയുടെ പദ്ധതികളാണ് നിർദേശിച്ചിട്ടുള്ളത്. കലാ-കായിക-ശാസ്ത്ര മേഖലകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളും ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പ് പദ്ധതികളും തുടരും. കണ്ണാടിയിലെ ബഡ്സ് സ്കൂളിനെ പൊതു കേന്ദ്രമാക്കി മാറ്റുന്ന ചാലഞ്ച് പദ്ധതി നടപ്പിലാക്കും. ട്രാൻസ്ജെൻഡേഴ്‌സിനായി പ്രത്യേക പരിപാടികൾ നടപ്പിലാക്കും. കലാ- സാംസ്കാരിക മേഖലയിലെ ഇടപെടലുകളുടെ ഭാഗമായി നാടകം, സിനിമ തുടങ്ങിയ ജനപ്രിയ സങ്കേതങ്ങളെ പദ്ധതിയുടെ ഭാഗമാക്കാൻ ശ്രമിക്കും. വിദ്യാലയങ്ങളുടെ വൈദ്യുതി ചാർജ് ഈ വർഷം മുതൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച് നൽകും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി.