കേരളം

kerala

ETV Bharat / state

സമഗ്രവികസനം ലക്ഷ്യമിട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരണം - ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരണം

പതിമൂന്നാം പഞ്ചവത്സര പദ്ധതി (2017-2022) യുടെ അവസാന വാര്‍ഷിക വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനായുള്ള കരട് പദ്ധതിരേഖ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.കെ. ചാമുണ്ണി അവതരിപ്പിച്ചു. കരട് പദ്ധതി രേഖ പ്രകാരം 2021-22 വര്‍ഷത്തെ പദ്ധതികള്‍ക്കായി പ്രതീക്ഷിത അടങ്കല്‍ തുകയായി 72,30,92,000 രൂപ നീക്കിവെച്ചിട്ടുണ്ട്.

palakkad District Panchayat  Plan for Comprehensive Development  നവകേരളത്തിന് ജനകീയാസൂത്രണം  ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരണം  പദ്ധതി രൂപീകരണവും വികസന സെമിനാറും
സമഗ്രവികസനം ലക്ഷ്യമിട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരണം

By

Published : Feb 23, 2021, 3:48 PM IST

പാലക്കാട്: 'നവകേരളത്തിന് ജനകീയാസൂത്രണം' ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരണവും വികസന സെമിനാറും പി.കെ.ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്‌തു. വികസന പ്രവര്‍ത്തനങ്ങളും സാധാരണക്കാരുടെ ജീവിത പുരോഗതിയും സംയോജിപ്പിച്ച് വികസനം നടപ്പാക്കാന്‍ സാധിക്കണമെന്ന് എംഎൽഎ പറഞ്ഞു. സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ജനകീയാസൂത്രണം പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയുമായി സമരസപ്പെട്ടുപോകാത്ത വികസനം ഫലവത്താകില്ല. നൂറ്റാണ്ട് കണ്ട രണ്ട് പ്രളയക്കെടുതികള്‍ സംസ്ഥാനത്തുണ്ടായെങ്കിലും സാധാരണക്കാരന് ജീവിതവൃത്തിക്കായി അന്യ സംസ്ഥാനങ്ങളില്‍ കൈനീട്ടേണ്ടി വന്നില്ല. നവകേരള സൃഷ്‌ടിക്കായി എല്ലാ വിഭാഗങ്ങളും സഹകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു.
പതിമൂന്നാം പഞ്ചവത്സര പദ്ധതി (2017-2022) യുടെ അവസാന വാര്‍ഷിക വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനായുള്ള കരട് പദ്ധതിരേഖ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.കെ. ചാമുണ്ണി അവതരിപ്പിച്ചു. കരട് പദ്ധതി രേഖ പ്രകാരം 2021-22 വര്‍ഷത്തെ പദ്ധതികള്‍ക്കായി പ്രതീക്ഷിത അടങ്കല്‍ തുകയായി 72,30,92,000 രൂപ നീക്കിവെച്ചിട്ടുണ്ട്. മെയിന്‍റനൻസ് ഫണ്ട് റോഡിതരം, മെയിന്‍റനൻസ് ഫണ്ട് റോഡ് വിഭാഗത്തിനായി 45,24,68,000 രൂപയും സേവന മേഖലയ്ക്ക് 22,68,67,000 രൂപയുമാണ് വകയിരുത്തിയത്. ഇതില്‍ ലൈഫ് ഭവന പദ്ധതിക്കായി അഞ്ചരക്കോടിയും സ്‌പില്‍ ഓവര്‍ പദ്ധതികള്‍ക്കായി മൂന്നേക്കാല്‍ കോടിയുമാണ് നീക്കിവെച്ചത്. വൃക്കരോഗികള്‍ക്കായുള്ള 'സ്നേഹസ്‌പര്‍ശം'പദ്ധതിക്കായി ഒരു കോടി, എച്ച്.ഐ.വി ബാധിതര്‍ക്ക് പോഷകാഹാര കിറ്റ് നല്‍കുന്നതിന് 40 ലക്ഷം രൂപ, ജില്ലയ്ക്ക് ഒരു ഫുട്ബോള്‍ ടീം രൂപീകരണത്തിന് 50 ലക്ഷം രൂപ എന്നിങ്ങനെ നീക്കിവെച്ചിട്ടുണ്ട്. ഉത്പാദന മേഖലയ്ക്കായി 15.7 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
തടയണ, ജലസേചന സൗകര്യങ്ങളുടെ വിപുലീകരണം, കപ്പൂരിലെ വ്യവസായ പാര്‍ക്ക്- ഫാം നവീകരണം, അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളെ കൃഷിയിലേക്ക് കര്‍ഷിക്കുന്നതിനായുള്ള പദ്ധതികള്‍, കാലാവസ്ഥാ വ്യതിയാനം, കുടിവെള്ള ക്ഷാമം, ചൂട് വര്‍ധന എന്നിവയുടെ പരിഹാരത്തിനായി ഗ്രീന്‍ ദ ഗ്യാപ്പ് പദ്ധതി, സ്ത്രീകള്‍ നടത്തുന്ന മിനി ബസാറുകള്‍, അട്ടപ്പാടി ഗോട്ട് ഫാമിലെ സോളാര്‍പ്ലാന്‍റ് പൂര്‍ത്തീകരണം തുടങ്ങിയവയും ജില്ലാ പഞ്ചായത്തിന്‍റെ പരിഗണനയിലുള്ളതായി വൈസ് പ്രസിഡന്‍റ് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്നൊവേഷന്‍ ഫാര്‍മേഴ്‌സ് പുരസ്‌കാരം നേടിയ ശ്രീകൃഷ്‌ണപുരം സ്വദേശിനി സ്വപ്‌ന ജെയിനിനെ പരിപാടിയില്‍ പി.കെ.ശശി എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹരിത ഓഫീസ് പുരസ്‌കാരങ്ങളും വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍ അധ്യക്ഷയായി. നഗരസഭകളുമായി സഹകരിച്ചാകും ജില്ലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാകുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വൈസ് പ്രസിഡന്‍റുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. അനില്‍കുമാര്‍, ആസൂത്രണ സമിതി വൈസ് പ്രസിഡന്‍റ് ബി.എം.മുസ്‌തഫ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details