പാലക്കാട്:ഡയാലിസിസ് നടത്താന്‍ വിപുലമായ സൗകര്യങ്ങളുള്ള പുതിയ കെട്ടിടം പാലക്കാട് ജില്ല ആശുപത്രിയില്‍ ഉടൻ തുറക്കും. എആര്‍ മേനോന്‍ ബ്ലോക്കിന് സമീപത്തെ അക്കാദമിക് സെന്‍ററാണ് ഡയാലിസിസ് ബ്ലോക്കായി മാറ്റുന്നത്. രണ്ട് കോടി രൂപ ചെലവിട്ട് രണ്ട് നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
നിലവില്‍ 12 ഡയാലിസിസ് ഉപകരണങ്ങളാണ് ഇവിടെയുള്ളത്. ഇതിന് പുറമെ എട്ട് പുതിയ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡാണ് പുതിയ ഉപകരണങ്ങൾ നൽകിയത്. 20 ഉപകരണങ്ങളും പ്രവര്‍ത്തന സജ്ജമായാല്‍ ഒരോസമയം 60 പേരെ ഡയാലിസിസിന് വിധേയമാക്കാനാകും. ഇതിലൂടെ ഒരു മാസം 1000 പേരെ ഡയാലിസിസ് ചെയ്യാന്‍ കഴിയും.
നിലവിൽ 600 മുതൽ 700 ഡയാലിസിസുകൾ ജില്ല ആശുപത്രിയിൽ ഒരു മാസം നടക്കുന്നുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഡയാലിസിസ് സൗകര്യം നല്‍കുന്നുണ്ടെന്ന് നെഫ്രോളജിസ്റ്റ് ഡോ.ടി കൃഷ്‌ണദാസ് പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസിന് 1500 മുതൽ 2000 വരെ ഈടാക്കുമ്പോള്‍ സർക്കാർ ആശുപത്രികളിൽ ഇത് സൗജന്യമാണ്.
അതേസമയം, ജില്ലയിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് കൂടുതൽ ഡയാലിസിസ് ഉപകരണങ്ങളുള്ളത് (24). മൂന്ന് ഷിഫ്റ്റുകളിലായി ഇവിടെ ദിവസവും 70 പേര്‍ ഡയാലിസിസ് നടത്തുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഡയാലിസിസിന് വിധേയരാകേണ്ടവരാണ്.
പെരിട്ടോണിയൽ, കീമോ എന്നീ രണ്ട് തരം ഡയാലിസിസുകളാണ് ജില്ലയില്‍ നടത്തുന്നത്. രോഗികള്‍ക്ക് വീടുകളില്‍ തന്നെ ചെയ്യാന്‍ സാധിക്കുന്ന പെരിട്ടോണിയല്‍ ഡയാലിസിസ് വിജയകരമായാണ് ജില്ലയില്‍ നടപ്പാക്കിയിട്ടുള്ളത്.