പാലക്കാട്:അട്ടപ്പാടിയിലെ ഗോത്ര വിഭാഗക്കാരുടെ ആരോഗ്യ പരിചരണത്തിന് നൂതനവും ശാസ്‌ത്രീയവുമായ പദ്ധതികൾക്ക് തുടക്കമിട്ട് ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം. നവദമ്പതികളെയും കൗമാരക്കാരെയും നിരന്തരം നിരീക്ഷിക്കാനും ജനിതക രോഗമുൾപ്പെടെ തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കുന്ന പദ്ധതിയാണ് പരീക്ഷിച്ച് വിജയം കണ്ടത്. തെമ്പ് എന്ന പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചത്.
തെമ്പ് (പൂർണ ആരോഗ്യം):കൗമാരക്കാരായ കുട്ടികളിലെ വിളര്‍ച്ച മുൻകൂട്ടിക്കണ്ട് രക്ഷയേകാനാണ് ‘തെമ്പ്' പദ്ധതി. ഷോളയൂർ പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വിളർച്ച പോലുള്ള രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി കുട്ടികളില്‍ രക്തക്കുറവുമൂലം ഉണ്ടാകുന്ന മരണങ്ങൾ തടയുകയാണ് ലക്ഷ്യം. നാല് സബ്സെന്‍ററുകൾ കേന്ദ്രീകരിച്ച് എല്ലാ ബുധനാഴ്‌ചയും ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ, ഊരുകൾ എന്നിവിടങ്ങളിൽ സ്‌ക്രീനിങ് ക്യാമ്പ് നടത്തുന്നതാണ് പദ്ധതി.
എന്താണ് പദ്ധതി:ഗോഞ്ചിയൂരിലാണ് പൈലറ്റ് പദ്ധതി തുടങ്ങിയത്. ക്യാമ്പിലൂടെ 350 കുട്ടികളെ പരിശോധനയ്‌ക്ക് വിധേയനാക്കി. വിളർച്ചരോഗം കണ്ടെത്തിയ 77 പേരിൽ 42 പേർ പൂർണമായും രോഗമുക്തി നേടി. ബാക്കിയുള്ള 35 പേരിൽ മൂന്ന് കുട്ടികൾക്കാണ് കൂടിയ അളവിൽ വിളർച്ച കണ്ടെത്തിയത്. ഇവരെല്ലാവരും വേഗം സുഖം പ്രാപിക്കുന്നതായി ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ മുഹമ്മദ് മുസ്‌തഫ പറഞ്ഞു. പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി ആദിവാസി വിഭാഗക്കാർക്കിടയിൽ പുതിയതായി വിവാഹിതരാകുന്ന ദമ്പതികളുടെ സമ്പൂർണ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്.
പരീക്ഷണമെന്ന നിലയിൽ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ വയലൂർ ഊരിലാണ് പദ്ധതി ആരംഭിച്ചത്. ആരോഗ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം രൂപം നൽകിയ പദ്ധതിയിൽ ശിശു മാതൃ മരണങ്ങൾ കുറയ്ക്കുക, പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളുടെ പ്രവർത്തങ്ങൾ ജനങ്ങളിലെത്തിക്കുക, ബോധവത്‌കരണവും ആരോഗ്യ–- ശുചിത്വ നിലവാരവും ഉയർത്തുക, ആദിവാസി ഊരുകളിൽ അന്ധവിശ്വാസങ്ങളാൽ ഉണ്ടാകുന്ന മരണങ്ങൾ ഇല്ലാതാക്കുക, സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ലക്ഷ്യം.
വിജയിച്ച 'തെമ്പ്': ആദ്യഘട്ടം നവവധുക്കളെ കണ്ടെത്തി രക്തം, അരിവാൾ രോഗം, തൈറോയ്‌ഡ്, മഞ്ഞപ്പിത്തം, വന്ധ്യത തുടങ്ങിയ പരിശോധന നടത്തും. രോഗം നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നതിലൂടെ ജനിതക വൈകല്യമുള്ള കുട്ടികളുടെ ജനന–-മരണങ്ങൾ കുറയ്ക്കാൻ സാധിക്കും. രക്തപരിശോധന റിപ്പോർട്ടുകൾ അടങ്ങിയ ഹെൽത്ത് റെക്കോഡുകൾ ഇ- ഹെൽത്ത് സേവനം വഴി കേരളത്തിലെ എല്ലാ ആശുപത്രിയിലും ലഭ്യമാക്കും.
രണ്ടാംഘട്ടം ആദിവാസി ഊരുകളിൽ കൗമാരപ്രായത്തിലുള്ളവർക്ക് (13 മുതല്‍ 20 വയസ്സുവരെ) പ്രത്യേക സ്ക്രീനിങ് നടത്തി. അരിവാൾ രോഗം, തൈറോയ്‌ഡ്, കേൾവി പരിശോധന, മാനസിക വളർച്ച തുടങ്ങിയവയാണ് പരിശോധിച്ചത്. വന്ധ്യതയുള്ളതായി കണ്ടെത്തിയ 11 ദമ്പതികളിൽ അഞ്ചുപേർ ചികിത്സയെത്തുടർന്ന് ഗർഭം ധരിച്ചു. തൈറോയ്‌ഡ് രോഗം സ്ഥിരീകരിച്ച ഏഴുപേരും ചികിത്സ തുടങ്ങിയതോടെ മികച്ച ആരോഗ്യ സ്ഥിതിയിലെത്തി. വിളർച്ച രോഗമുണ്ടായിരുന്ന 24 പേരിൽ 18 പേർ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ആറുപേർ മാത്രമാണ് ഇപ്പോൾ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി ചികിത്സയിലുള്ളതെന്ന് ഷോളയൂർ കൂടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്‌ടർ എസ്.എസ് കാളിസ്വാമി വ്യക്തമാക്കി.