പാലക്കാട്: പറമ്പിക്കുളത്ത് 108 ആംബുലൻസ് മറിഞ്ഞ് നഴ്‌സ് മരിച്ച സംഭവത്തിൽ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി റിപ്പോർട്ട്. എറണാകുളം കെമിക്കൽ ലാബിലെ പരിശോധനയിലാണ് ഡ്രൈവർ നെല്ലിയാമ്പതി സ്വദേശി ജഗദീഷ് കൂടിയ അളവിൽ മദ്യപിച്ചിരുന്നതായി വ്യക്തമായത്. ഈ സാഹചര്യത്തിൽ ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തേക്കും.
ഹമ്പ് കടക്കുന്നതിനിടെ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞെന്നായിരുന്നൂ പ്രാഥമിക നിഗമനം. ഡ്രൈവറെ പരിശോധിക്കണമെന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെയും പൊലീസിന്‍റെയും ആവശ്യത്തെ തുടർന്ന് അപകട ദിവസം തന്നെ രക്തം എടുത്ത് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.