നെല്ല് സംഭരണം; കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തവർക്ക് ഇത്തവണ രജിസ്ട്രേഷൻ വേണ്ട - Paddy procurement
കർഷകരിൽ ഭൂരിഭാഗം പേരും 60 വയസ്സിന് മുകളിലുള്ളവരാണ്. ഈ സാഹചര്യത്തിലാണ് നെല്ലു സംഭരണ നടപടി സപ്ലൈകോ ലളിതമാക്കിയത്.
പാലക്കാട്:കൊവിഡ് ജാഗ്രതയുടെ ഭാഗമായി നെല്ലു സംഭരണ രജിസ്ട്രേഷനിൽ സപ്ലൈകോ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ഒന്നാം വിളയ്ക്ക് രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇത്തവണ വീണ്ടും രജിസ്റ്റർ ചെയ്യാതെ തന്നെ സംഭരണം നടത്താനാകും. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ കർഷകരിൽ പലർക്കും പുറത്തുപോയി രജിസ്ട്രേഷൻ നടത്താൻ ബുദ്ധിമുട്ടുണ്ട്. കർഷകരിൽ ഭൂരിഭാഗം പേരും 60 വയസ്സിന് മുകളിലുള്ളവരാണ്. ഈ സാഹചര്യത്തിലാണ് നെല്ലു സംഭരണ നടപടി സപ്ലൈകോ ലളിതമാക്കിയത്.
അതേസമയം സുഭിക്ഷ കേരളം പദ്ധതിയിൽ നെൽകൃഷി ചെയ്ത കുടുംബശ്രീക്കാർക്കും വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സപ്ലൈകോയിൽ രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കും. കഴിഞ്ഞ ഒന്നാം വിളയ്ക്ക് രജിസ്റ്റർ ചെയ്തവരെല്ലാം ഇത്തവണ കൃഷിയിറക്കിയിട്ടുണ്ടോ എന്ന കാര്യം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കും.
കഴിഞ്ഞവർഷം 65000 ത്തോളം കർഷകരാണ് ഒന്നാം വിളക്ക് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. അന്ന് 1.2 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെയും മറ്റും ഭാഗമായി തരിശുഭൂമിയിൽ വ്യാപകമായി കൃഷി ഇറക്കിയതിനാൽ ജില്ലയിൽ ഇത്തവണ വിളവ് കൂടുതലാവും.