പാലക്കാട്: ഓങ്ങല്ലൂർ പാമ്പാടി - കൊണ്ടൂർക്കര പാടശേഖരത്തിലേക്കുള്ള കനാൽ നവീകരികണമെന്ന ആവശ്യം ശക്തമാകുന്നു. കാടുപിടിച്ച് നശിക്കുന്ന കനാലിലൂടെ ആവശ്യത്തിന് ജലസേചനം നടക്കുന്നില്ല. കനാൽ വെള്ളം ലഭിച്ചില്ലെങ്കിലോ എന്ന ആശങ്കയിൽ രണ്ടാം വിള വൈകിപ്പിക്കുകയാണ് പ്രദേശത്തെ കർഷകർ. കാലം തെറ്റി പെയ്യുന്ന മഴയിൽ പ്രതീക്ഷ കൈവിട്ട കർഷകരുടെ ഏക ആശ്രയം കനാൽ വഴിയുള്ള ജലസേചനമാണ്. എന്നാല്‍ കനാൽ കാട് മൂടി കിടക്കുകയാണ്. പൊട്ടിപൊളിഞ്ഞ് പലയിടങ്ങളിലും സുഗമമായി വെള്ളം ഒഴുകാൻ പറ്റാത്ത അവസ്ഥയിലാണ് കനാല്‍.പാലക്കാട് ജില്ലയിൽ ഒരു വിളയിൽ നിന്നു100 ടണ്ണിൽ അധികം നെല്ല് ഉൽപാദിപ്പിച്ച് സപ്ലൈക്കോയ്‌ക്ക് നൽകുന്ന പടശേഖരമാണിത്. . കനാൽ നവീകരിച്ചാൽ മാത്രമേ രണ്ടാം വിള മികച്ചതാക്കാൻ കഴിയൂ.
ഓങ്ങല്ലൂർ പാമ്പാടി - കൊണ്ടൂർക്കര പാടശേഖരത്തിലേക്കുള്ള കനാൽ നവീകരികണമെന്ന് കർഷകർ - നെൽ കർഷകർ
കാടുപിടിച്ച് നശിക്കുന്ന കനാലിലൂടെ ആവശ്യത്തിന് ജലസേചനം നടക്കുന്നില്ലെന്നാണ് പരാതി.
ഒന്നാംവിള കഴിഞ്ഞ പാടങ്ങളിൽ ട്രാക്ടറുകൾ ഇറക്കി രണ്ടാം വിളക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഞാറ്റഡികൾ തയ്യാറായി. വരമ്പുകൾ നിർമിക്കുന്ന പ്രവർത്തനവും നടക്കുന്നുണ്ട്. പക്ഷെ കാര്യമായ മഴ ലഭിക്കാത്തതിനാലും കനാൽ വെള്ളം ആവശ്യത്തിന് കിട്ടാത്തതിനാലും രണ്ടാം വിള വൈകിപ്പിക്കുകയാണ് കർഷകർ. എന്നാല്‍ ബന്ധപ്പെട്ട അധികൃതരുടെഭാഗത്ത് നിന്നും കനാൽ നവീകരിക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ലന്നാണ് ആക്ഷേപം. സംഭരണം വൈകിയപ്പോൾ വീട്ടുമുറ്റത്തും പാടത്തുമായി കൂട്ടിയിട്ടിരുന്ന നെല്ല് മുളച്ചു നാശം സംഭവിച്ചു. ഇപ്പോൾ രണ്ടാം വിളക്കുള്ള ഞാറ്റഡികൾ മൂത്ത് പോവാൻ തുടങ്ങി. ഒന്നാം വിളയിൽ മികച്ച വിളവ് കിട്ടിയപ്പോൾ സംഭരണം വൈകി. രണ്ടാം വിള മികച്ചതാക്കാൻ പരിശ്രമിക്കുമ്പോൾ ആവശ്യത്തിന് വെള്ളമില്ലാതാകുമോ എന്ന ആശങ്കയിലാണ് പ്രദേശത്തെ കർഷകർ.