പാലക്കാട്; അട്ടപ്പാടിയിലെ ഉൾവനത്തില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തണ്ടര്‍ബോള്‍ട്ടുമായാണ് ഏറ്റുമുട്ടലുണ്ടായത്. അട്ടപ്പാടി മഞ്ചിക്കണ്ടി ഊരിന് നാല് കിലോമീറ്റർ അകലെ വനത്തിലാണ് വെടിവെയ്പ്പ് നടന്നത്. വനത്തില്‍ 20 തവണ വെടിവെയ്പ്പിന്‍റെ ശബ്ദം കേട്ടതായി പ്രദേശ വാസികൾ പറഞ്ഞു. ഛത്തീസ്ഗഢ് സ്വദേശി ചന്ദ്രു എന്ന കാർത്തിക്, കർണാടക സ്വദേശി അരവിന്ദ്, ഗായത്രി എന്ന ശ്രീമതി എന്നിവരാണ് മരിച്ചത്.
അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; സ്ത്രീ അടക്കം മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു അതേസമയം, വെടിവെയ്പ്പ് നടന്ന മഞ്ചിക്കണ്ടി ഊരിലേക്ക് മാധ്യമപ്രവർത്തകരെ അടക്കം ഇപ്പോൾ കടത്തിവിടുന്നില്ല. വനാതിർത്തിയില്‍ പാടവയലില്‍ വാഹനങ്ങൾ അടക്കം പരിശോധിച്ച ശേഷം പ്രദേശവാസികൾക്ക് മാത്രമാണ് തണ്ടർബോൾട്ട് പ്രവേശനം അനുവദിക്കുന്നത്. ജില്ലാ പൊലിസ് മേധാവി ജി ശിവവിക്രം, തണ്ടർബോൾട്ട് കമാണ്ടന്‍റ് ചൈത്ര തെരേസാ ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ. സിപിഐ മാവോയിസ്റ്റ് ഭവാനി ദളത്തിനു കീഴിൽ ആറു മാസമായി പ്രവർത്തിച്ചു വന്നിരുന്ന ബേസ് ക്യാമ്പും പൊലീസ് കണ്ടെത്തി. വെടിവെയ്പ്പില്‍ രണ്ട് മാവോയിസ്റ്റുകൾക്ക് പരിക്കേറ്റതായി സൂചനയുണ്ട്. ഇവർക്കായി തെരച്ചില്‍ തുടരുകയാണ്. തണ്ടർബോള്‍ട്ട് അസി. കമാണ്ടന്‍ഡ് സോളമന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവച്ചതിനെ തുടര്‍ന്നാണ് തിരിച്ച് വെടിവെയ്പ്പ് ആരംഭിച്ചത്.തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു വെടിവെപ്പ്. വനത്തിനുള്ളിലെ ക്യാമ്പ് കേന്ദ്രീകരിച്ച് സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മാവോയിസ്റ്റുകൾ എത്തിയെന്ന വിവരത്തെ തുടർന്നായിരുന്നു പൊലിസ് - തണ്ടർബോൾട്ട് കോമ്പോ പട്രോളിങ്. ഏറ്റുമുട്ടലിനെത്തുടർന്ന് അട്ടപ്പാടി വനമേഖലയോട് ചേർന്നുള്ള പൊലീസ്, ഫോറസ്റ്റ് സ്റ്റേഷനുകൾക്ക് കാവൽ ശക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി നാളെ ഉച്ചയ്ക്ക് മുമ്പായി മൃതദേഹങ്ങൾ വനത്തിന് പുറത്തെത്തിക്കും. തൃശൂർ മെഡിക്കൽ കോളേജിലേക്കാണ് മൃതദേഹങ്ങൾ മാറ്റുന്നത്.