പാലക്കാട് : വൃദ്ധ ദമ്പതികളെ പഴനിയിലെ ലോഡ്‌ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ ബാങ്ക് റോഡ് എടാംപറമ്പ് സുകുമാരൻ (69) ഭാര്യ സത്യഭാമ (63) എന്നിവരെയാണ് ഇന്നലെ (02.07.2022) പുലർച്ചെ സ്വകാര്യ ലോഡ്‌ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും കടങ്ങളുണ്ടെന്നും എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
സുകുമാരൻ പണം നൽകാനുള്ളവരുടെ പട്ടികയും കത്തിനൊപ്പമുണ്ടായിരുന്നു. വെള്ളിയാഴ്‌ച(01.07.2022) രാവിലെ ഇരുവരും കുന്നൂരിലെ ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകിട്ട് അഞ്ച് കഴിഞ്ഞിട്ടും കുന്നൂരിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടു.
മേട്ടുപ്പാളയത്തുണ്ട് ഉടനെയെത്തും എന്നായിരുന്നു മറുപടി. രാത്രി എട്ടിനും ഫോണിൽ ബന്ധപ്പെട്ടു, പ്രതികരണം ഉണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഴനിയിലെ സ്വകാര്യ ലോഡ്‌ജിന്‍റെ ചിത്രവും വിവരങ്ങളും കുന്നൂരിലെ സുഹൃത്തിന് അയച്ചതായി കണ്ടെത്തി. ഭാര്യ സഹോദരന്മാരായ മണികണ്‌ഠൻ, ഷൺമുഖൻ എന്നിവർ ലോഡ്‌ജിലെത്തി ഇരുവരുടെയും ചിത്രം ജീവനക്കാരെ കാണിച്ചു. ഇരുവരും മുറിയിലുണ്ടെന്ന് ലോഡ്‌ജ് ജീവനക്കാർ പറഞ്ഞു.