പാലക്കാട്:പിഎസ്‌സി, കെ-ടെറ്റ് പോലുള്ള യോഗ്യതാ പരീക്ഷകൾ എഴുതുവാൻ അട്ടപ്പാടിയിൽ കേന്ദ്രമില്ലാത്തതിന്‍റെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് പ്രദേശവാസികളായ ഉദ്യോഗാർഥികൾ. വന്യമൃഗങ്ങളുടെ ശല്യവും റോഡുകളുടെ മോശം അവസ്ഥയും പ്രതികൂല കാലാവസ്ഥയും കാരണം വിദൂര പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള യാത്ര ദുരിതപൂർണമാണ്. ഇതുമൂലം പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ട നിരവധി പേരാണ് പ്രദേശത്തുള്ളത്.
യോഗ്യതാ പരീക്ഷകൾ എഴുതാൻ കേന്ദ്രമില്ല; പരാതിയുമായി അട്ടപ്പാടിയിലെ ഉദ്യോഗാർഥികൾ - Attappady
വന്യമൃഗങ്ങളുടെ ശല്യവും റോഡുകളുടെ മോശം അവസ്ഥയും പ്രതികൂല കാലാവസ്ഥയും കാരണം വിദൂര പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള യാത്ര ദുരിതപൂർണമാണ്.
സ്വന്തമായി വാഹനമുള്ളവർ നേരം പുലരുന്നതിനു മുന്നേ യാത്രയാരംഭിക്കണം. തൊട്ടടുത്തുള്ള വാഹനങ്ങളെ കാണാൻ കഴിയാത്ത വിധത്തിൽ കോടമഞ്ഞിറങ്ങുന്ന കാലാവസ്ഥയെ വകവെയ്ക്കാതെ ചുരമിറങ്ങി കിലോമീറ്ററുകൾക്കപ്പുറമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ കൈക്കുഞ്ഞുമായി വരുന്ന അമ്മമാരുൾപ്പെടെയുള്ള പരീക്ഷാർഥികളിൽ പലരും രാവിലെയുള്ള ഭക്ഷണം ഒഴിവാക്കിയായിരിക്കും ഹാളിൽ പ്രവേശിക്കുന്നത്.ഗർഭിണികളെ സംബന്ധിച്ചിടത്തോളം ഈ യാത്ര അപകടം നിറഞ്ഞതാണ്. പിഞ്ചുക്കുഞ്ഞുങ്ങളെ ഹാളിന് പുറത്ത് നോക്കുന്ന ഭർത്താക്കന്മാർ പരീക്ഷാ കേന്ദ്രങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്. 37 സ്കൂളുകൾ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുകയാണെങ്കിൽ വിദൂര ഊരുകളിൽ നിന്നുൾപ്പെടെയുള്ള പരീക്ഷാർഥികൾക്ക് ഉപകാരപ്രദമാകും. ഉപജില്ലയായി കണക്കാക്കാത്തതിനാലാണ് അട്ടപ്പാടിയിൽ കേന്ദ്രം അനുവദിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.