ശുചീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ; നിളാതീരം മാലിന്യ കൂമ്പാരം - നിളാതീരം മാലിന്യ കൂമ്പാരം
ബലിതര്‍പ്പണത്തിന് ശേഷം പുഴയുടെ തീരത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ വൻ കൂമ്പാരമാണ്.
പാലക്കാട്: കർക്കിടക വാവുബലിക്ക് ശേഷം നിളാതീരം വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് മാലിന്യ കൂമ്പാരം. ജൂലൈ മുപ്പത്തിയൊന്നിനായിരുന്നു കർക്കിടക വാവുബലി. ഭാരതപ്പുഴയുടെ തീരങ്ങളിൽ വിവിധ ഇടങ്ങളിലായി പതിനായിരക്കണക്കിന് ആളുകളാണ് ബലി തര്‍പ്പണത്തിനായി എത്തിയത്. പട്ടാമ്പി, തിരുമിറ്റക്കോട്, ലക്കിടി, ശ്രീകൃഷ്ണപുരം, തൃത്താല തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ വാവുബലി നടന്നു. ഇതിന് ശേഷം പുഴയുടെ തീരത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ വൻ കൂമ്പാരമാണ്. എന്നാൽ ഇവ നീക്കം ചെയ്യുന്നതിന് കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. എല്ലാവർഷവും സമാനമായ സാഹചര്യമാണുള്ളത്. വൻജനക്കൂട്ടം എത്തുകയും അവർ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ അടിഞ്ഞു കൂടുകയും ചെയ്യുന്നത് നിളാനദിയുടെ സ്വാഭാവിക ജൈവ ഘടനയേയും സന്തുലിതാവസ്ഥയേയും ബാധിക്കുന്നുണ്ട്.