പാലക്കാട്:ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ അന്വേഷിക്കും. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. എന്‍ഐഎ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക.
പൊലീസില്‍ നിന്ന് കേസ് ഡയറി ലഭിക്കുന്ന മുറയ്ക്ക് കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. നേരത്തെ പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍റെ വധത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.
വധിച്ചത് ആറംഗ സംഘം:പോപ്പുലര്‍ ഫ്രണ്ട് റെയ്‌ഡിന് പിന്നാലെ അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി സിഎ റൗഫ്, യഹിയ കോയ തങ്ങള്‍ എന്നിവര്‍ക്ക് ശ്രീനിവാസന്‍ വധക്കേസില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന പൊലീസ് അന്വേഷിച്ച കേസില്‍ ഇതുവരെ 42 പ്രതികളാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 16നാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ ആക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകല്‍ നഗരമധ്യത്തിലെ കടയില്‍ കയറി ശ്രീനിവാസനെ വധിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോര്‍ച്ചറിക്ക് പിറകിലെ ഗ്രൗണ്ടില്‍ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകല്‍ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറ് പേര്‍ മേലാമുറിയിലെ എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടര്‍ന്ന്, മൂന്നുപേര്‍ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.