പാലക്കാട്: നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചതോടെ പാലക്കാട്ടെ അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലു ഒരുക്കിയുള്ള പൂജകൾക്കും പ്രാർഥനകൾക്കും തുടക്കമായി. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വിജയദശമി വരെ നീളുന്ന ഒമ്പത് ദിവസങ്ങളിലാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. ആദ്യ മൂന്ന് ദിവസം ദുർഗാദേവിക്കും അടുത്ത മൂന്ന് ദിവസം ലക്ഷ്മീദേവിക്കും ഒടുവിലത്തെ മൂന്നു ദിവസം സരസ്വതി ദേവിക്കും പൂജകൾ നടത്തും. മരപ്പലകകൾ ഉപയോഗിച്ചുണ്ടാക്കിയ പടികളിൽ കളിമണ്ണിൽ തീർത്ത ദേവിദേവന്മാരുടെയും മൂർത്തികളുടെയും ബൊമ്മകൾ സ്ഥാപിക്കും.
കൽപാത്തിയിൽ ബൊമ്മക്കൊലു ആഘോഷങ്ങൾ പുരോഗമിക്കുന്നു - Navratri celebrations in progress
കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വിജയദശമി വരെ നീളുന്ന ഒമ്പത് ദിവസങ്ങളിലാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.
ദശാവതാരം, ശ്രീരാമപട്ടാഭിഷേകം, കാളിയമർദനം, ശിവപാർവ്വതിമാർ, കൃഷ്ണനും രാധയും എന്നിവയുടെയെല്ലാം രൂപങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇവ കൂടാതെ ചരിത്ര പുരുഷന്മാരായ ഗാന്ധിജിയും നെഹ്റുവും സുഭാഷ് ചന്ദ്രബോസും എല്ലാം കളിമൺ രൂപങ്ങളിൽ ബൊമ്മക്കൊലുവിൽ ഇടം പിടിക്കുന്നു. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന യുദ്ധത്തിനൊടുവിൽ പത്താം നാൾ ദുർഗാദേവി മഹിഷാസുരനെ വധിക്കുന്ന ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷങ്ങൾ നടക്കുന്നത്. അതിനാൽ തിന്മക്ക് മേൽ നന്മ നേടിയ വിജയത്തിന്‍റെ ഓർമ്മകളുമായാണ് ബൊമ്മക്കൊലു പൂജ നടക്കുന്നത്.
ഓരോ വീടുകളിലെയും ബൊമ്മക്കൊലുക്കൾ കാണാനും മുതിർന്നവരുടെ അനുഗ്രഹം വാങ്ങാനും ഈ സമയത്ത് പരസ്പരമുള്ള ഗൃഹ സന്ദർശനവും പതിവാണ്. എന്നാൽ കൊവിഡ് കാലമായതിനാൽ ഇത്തവണ ഗൃഹ സന്ദർശന പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ദേവിക്ക് പൂജകൾ കഴിച്ച് സംഗീതാർച്ചനകളും പ്രാർഥനകളുമായി പൊലിമ ചോരാതെ ഇത്തവണയും നവരാത്രി ആഘോഷങ്ങൾ കൽപാത്തിയിൽ പുരോഗമിക്കുകയാണ്.