പാലക്കാട്: എലപ്പുള്ളി പാറ ചൊരയ്ക്കാപ്പള്ളത്ത് തങ്കയെ (91) വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തുടരന്വേഷണത്തിന് നിർദേശം നൽകിയതായി ഡിവൈഎസ്‌പി പി.സി ഹരിദാസ്. ഇന്നലെ (13.04.2022) രാവിലെയാണ് തങ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചിരുന്നു.
എന്നാൽ തങ്കയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് സഹോദരന്‍റെ മകനാണ് പൊലീസിനെ സമീപിക്കുന്നത്. ഈ പരാതിയെ തുടർന്നാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. പോസ്റ്റ്‌മോർട്ടത്തിൽ ബലപ്രയോഗം നടന്നതിന്‍റെയോ അക്രമിക്കപ്പെട്ടതിന്‍റെയോ മുറിവുകൾ കണ്ടെത്തിയിട്ടില്ലെന്നാണ് ഡോക്‌ടർമാർ നൽകുന്ന വിവരം.